Jul 22, 2026

Income Tax അടക്കാൻ ഇല്ലാത്തവർ ITR ഫയൽ ചെയ്യണോ - സമ്പൂർണ്ണ വിവരങ്ങൾ


"എനിക്ക് ടാക്സ് വരില്ല. പിന്നെ എന്തിന് ITR ഫയൽ ചെയ്യണം?"

ഇവിടെ ഒരു പ്രധാന കാര്യം മനസ്സിലാക്കണം. ടാക്സ് അടയ്ക്കേണ്ടതില്ല എന്നതും ITR ഫയൽ ചെയ്യേണ്ടതില്ല എന്നതും ഒരേ കാര്യമല്ല.

ആദായ നികുതി നിയമം, 1961-ലെ Section 139 പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ ടാക്സ് ബാധ്യത ഇല്ലെങ്കിലും ITR ഫയൽ ചെയ്യേണ്ടത് നിർബന്ധമാണ്.

താഴെ പറയുന്ന സാഹചര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ബാധകമാണോ എന്ന് പരിശോധിക്കൂ.

  • വാർഷിക വരുമാനം പുതിയ ടാക്സ് റെജീമിൽ ₹4 ലക്ഷത്തിൽ കൂടുതലാണെങ്കിൽ, അല്ലെങ്കിൽ പഴയ ടാക്സ് റെജീമിൽ അടിസ്ഥാന ഒഴിവ് പരിധി (സാധാരണയായി ₹2.5 ലക്ഷം) കഴിഞ്ഞാൽ.
(ഇത് മിക്ക ജീവനക്കാർക്കും ബാധകമായിരിക്കും. ☝️)
  • ഒരു സാമ്പത്തിക വർഷത്തിൽ കറന്റ് അക്കൗണ്ടിൽ ₹1 കോടിയിൽ കൂടുതൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ.
  • ഒരു വർഷത്തിൽ ₹1 ലക്ഷത്തിൽ കൂടുതൽ വൈദ്യുതി ബിൽ അടച്ചിട്ടുണ്ടെങ്കിൽ.
  • വിദേശ യാത്രയ്ക്കായി ₹2 ലക്ഷത്തിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ.
  • ബിസിനസ് ടേൺഓവർ ₹60 ലക്ഷത്തിൽ കൂടുതലാണെങ്കിൽ.
  • ഡോക്ടർ, അഭിഭാഷകൻ, എൻജിനീയർ തുടങ്ങിയ പ്രൊഫഷണലുകളുടെ ഗ്രോസ് റിസീപ്റ്റ്സ് ₹10 ലക്ഷത്തിൽ കൂടുതലാണെങ്കിൽ.
  • നിങ്ങളുടെ വരുമാനത്തിൽ നിന്ന് TDS/TCS ആയി ₹25,000 അല്ലെങ്കിൽ അതിൽ കൂടുതൽ (സീനിയർ സിറ്റിസൺമാർക്ക് ₹50,000 അല്ലെങ്കിൽ കൂടുതൽ) പിടിച്ചിട്ടുണ്ടെങ്കിൽ.
  • ഒരു സാമ്പത്തിക വർഷത്തിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലായി ആകെ ₹50 ലക്ഷമോ അതിൽ കൂടുതലോ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ.
  • Resident and Ordinarily Resident (ROR) ആയ വ്യക്തിക്ക് വിദേശ ബാങ്ക് അക്കൗണ്ടോ വിദേശ ആസ്തിയോ അല്ലെങ്കിൽ അതിന്റെ ബെനിഫിഷ്യറിയോ ആണെങ്കിൽ.
  • ഈ വർഷത്തെ ബിസിനസ് നഷ്ടമോ Capital Loss-ഓ അടുത്ത വർഷങ്ങളിലേക്ക് Carry Forward ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ.
  • TDS ആയി പിടിച്ച തുക റീഫണ്ടായി തിരികെ ലഭിക്കാനുണ്ടെങ്കിൽ.

ITR ഫയൽ ചെയ്യുന്നതിന്റെ ചില പ്രധാന ഗുണങ്ങൾ:

  • ബാങ്ക് ലോൺ, ഹോം ലോൺ, എജുക്കേഷൻ ലോൺ എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ സഹായകരമാണ്.
  • വിസ അപേക്ഷകളിൽ പല രാജ്യങ്ങളും ITR ആവശ്യപ്പെടാറുണ്ട്.
  • TDS റീഫണ്ട് വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്നു.
  • ഭാവിയിൽ Income Tax വകുപ്പിൽ നിന്ന് അനാവശ്യ നോട്ടീസുകൾ ഒഴിവാക്കാൻ സഹായിക്കും.
  • നിങ്ങളുടെ സാമ്പത്തിക രേഖകൾ ക്രമപ്പെടുത്താൻ ഉപകാരപ്പെടും.

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ബാധകമാണെങ്കിൽ, 2025-26 സാമ്പത്തിക വർഷത്തേക്കുള്ള (Assessment Year 2026-27) ITR ഫയൽ ചെയ്യാനുള്ള അവസാന തീയതി 2026 ജൂലൈ 31 ആണ്.

അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ സമയബന്ധിതമായി ITR ഫയൽ ചെയ്യുന്നത് നല്ലതാണ്.

പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം; 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവായി




 പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരവുമായി സർക്കാർ. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് എന്നീ നാല് ജില്ലകളിലായി 120 താത്കാലിക പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ആകെ 117 സ്കൂളുകളിലാണ് പുതിയ ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്.

ജില്ലകൾ തിരിച്ചുളള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ബാച്ചുകൾ ലഭിച്ചിരിക്കുന്നത് മലപ്പുറം ജില്ലയ്ക്കാണ് (60 ബാച്ചുകൾ). പാലക്കാട് (30), കോഴിക്കോട് (20), കാസർഗോഡ് (10) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ബാച്ചുകളുടെ എണ്ണം.

ഒരു ബാച്ചിൽ 60 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം ലഭിക്കും. ഇതിലൂടെ ഈ നാല് ജില്ലകളിലുമായി ആകെ 7,200 വിദ്യാർത്ഥികൾക്ക് കൂടി അധികമായി പ്ലസ് വൺ പ്രവേശനം ഉറപ്പാക്കാൻ സാധിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ്.

ഉപരിപഠനത്തിന് അർഹത നേടിയിട്ടും സീറ്റ് ലഭിക്കാതെ ആശങ്കയിലായിരുന്ന മലബാറിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സർക്കാറിന്റെ ഈ അടിയന്തര ഇടപെടൽ വലിയ ആശ്വാസമായിട്ടുണ്ട്.