Jul 22, 2026

Income Tax അടക്കാൻ ഇല്ലാത്തവർ ITR ഫയൽ ചെയ്യണോ - സമ്പൂർണ്ണ വിവരങ്ങൾ


"എനിക്ക് ടാക്സ് വരില്ല. പിന്നെ എന്തിന് ITR ഫയൽ ചെയ്യണം?"

ഇവിടെ ഒരു പ്രധാന കാര്യം മനസ്സിലാക്കണം. ടാക്സ് അടയ്ക്കേണ്ടതില്ല എന്നതും ITR ഫയൽ ചെയ്യേണ്ടതില്ല എന്നതും ഒരേ കാര്യമല്ല.

ആദായ നികുതി നിയമം, 1961-ലെ Section 139 പ്രകാരം ചില പ്രത്യേക സാഹചര്യങ്ങളിൽ ടാക്സ് ബാധ്യത ഇല്ലെങ്കിലും ITR ഫയൽ ചെയ്യേണ്ടത് നിർബന്ധമാണ്.

താഴെ പറയുന്ന സാഹചര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ബാധകമാണോ എന്ന് പരിശോധിക്കൂ.

  • വാർഷിക വരുമാനം പുതിയ ടാക്സ് റെജീമിൽ ₹4 ലക്ഷത്തിൽ കൂടുതലാണെങ്കിൽ, അല്ലെങ്കിൽ പഴയ ടാക്സ് റെജീമിൽ അടിസ്ഥാന ഒഴിവ് പരിധി (സാധാരണയായി ₹2.5 ലക്ഷം) കഴിഞ്ഞാൽ.
(ഇത് മിക്ക ജീവനക്കാർക്കും ബാധകമായിരിക്കും. ☝️)
  • ഒരു സാമ്പത്തിക വർഷത്തിൽ കറന്റ് അക്കൗണ്ടിൽ ₹1 കോടിയിൽ കൂടുതൽ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ.
  • ഒരു വർഷത്തിൽ ₹1 ലക്ഷത്തിൽ കൂടുതൽ വൈദ്യുതി ബിൽ അടച്ചിട്ടുണ്ടെങ്കിൽ.
  • വിദേശ യാത്രയ്ക്കായി ₹2 ലക്ഷത്തിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ.
  • ബിസിനസ് ടേൺഓവർ ₹60 ലക്ഷത്തിൽ കൂടുതലാണെങ്കിൽ.
  • ഡോക്ടർ, അഭിഭാഷകൻ, എൻജിനീയർ തുടങ്ങിയ പ്രൊഫഷണലുകളുടെ ഗ്രോസ് റിസീപ്റ്റ്സ് ₹10 ലക്ഷത്തിൽ കൂടുതലാണെങ്കിൽ.
  • നിങ്ങളുടെ വരുമാനത്തിൽ നിന്ന് TDS/TCS ആയി ₹25,000 അല്ലെങ്കിൽ അതിൽ കൂടുതൽ (സീനിയർ സിറ്റിസൺമാർക്ക് ₹50,000 അല്ലെങ്കിൽ കൂടുതൽ) പിടിച്ചിട്ടുണ്ടെങ്കിൽ.
  • ഒരു സാമ്പത്തിക വർഷത്തിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലായി ആകെ ₹50 ലക്ഷമോ അതിൽ കൂടുതലോ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ.
  • Resident and Ordinarily Resident (ROR) ആയ വ്യക്തിക്ക് വിദേശ ബാങ്ക് അക്കൗണ്ടോ വിദേശ ആസ്തിയോ അല്ലെങ്കിൽ അതിന്റെ ബെനിഫിഷ്യറിയോ ആണെങ്കിൽ.
  • ഈ വർഷത്തെ ബിസിനസ് നഷ്ടമോ Capital Loss-ഓ അടുത്ത വർഷങ്ങളിലേക്ക് Carry Forward ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ.
  • TDS ആയി പിടിച്ച തുക റീഫണ്ടായി തിരികെ ലഭിക്കാനുണ്ടെങ്കിൽ.

ITR ഫയൽ ചെയ്യുന്നതിന്റെ ചില പ്രധാന ഗുണങ്ങൾ:

  • ബാങ്ക് ലോൺ, ഹോം ലോൺ, എജുക്കേഷൻ ലോൺ എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ സഹായകരമാണ്.
  • വിസ അപേക്ഷകളിൽ പല രാജ്യങ്ങളും ITR ആവശ്യപ്പെടാറുണ്ട്.
  • TDS റീഫണ്ട് വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്നു.
  • ഭാവിയിൽ Income Tax വകുപ്പിൽ നിന്ന് അനാവശ്യ നോട്ടീസുകൾ ഒഴിവാക്കാൻ സഹായിക്കും.
  • നിങ്ങളുടെ സാമ്പത്തിക രേഖകൾ ക്രമപ്പെടുത്താൻ ഉപകാരപ്പെടും.

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ബാധകമാണെങ്കിൽ, 2025-26 സാമ്പത്തിക വർഷത്തേക്കുള്ള (Assessment Year 2026-27) ITR ഫയൽ ചെയ്യാനുള്ള അവസാന തീയതി 2026 ജൂലൈ 31 ആണ്.

അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ സമയബന്ധിതമായി ITR ഫയൽ ചെയ്യുന്നത് നല്ലതാണ്.