SCROLL DOWN TO SEE MORE


Tuesday, December 3, 2024

അവധി( Leave )

 


1,  Earned Leave അഥവാ ആർജ്ജിത അവധി: 


 സർവ്വീസിൽ ജോയിൻ ചെയ്യുന്ന ആദ്യവർഷം 22 പ്രവൃത്തി  ദിവസത്തിന് ഒന്ന് എന്ന കണക്കിൽ  ഈ അവധി ലഭിക്കുന്നു.  (വെക്കേഷൻ ഉള്ള ജീവനക്കാർക്ക് EL ഇല്ല. എന്നാൽ വെക്കേഷനിൽ ഡ്യൂട്ടി ചെയ്താൽ EL ന് അർഹതയുണ്ട്.)

രണ്ടാമത്തെ വർഷം മുതൽ 11 പ്രവൃത്തി ദിവസത്തിന് ഒന്ന് എന്ന കണക്കിൽ ലഭിക്കുന്നു. സർവ്വീസിൽ കയറി മൂന്നു വർഷം പൂർത്തിയാകുമ്പോൾ  ആദ്യവർഷം 22 ന് ഒന്ന് എന്ന നിരക്കിൽ നൽകിയതുംകൂടി  11 ന് ഒന്ന് എന്ന നിരക്കിലാക്കി മുൻകാല പ്രാബല്യത്തോടെ ലീവ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.  ഏൺഡ് ലീവ് എടുക്കുന്നതിന് സർവ്വീസിൽ കയറി നിശ്ചിതനാൾ പൂർത്തീകരിച്ചിരിക്കണം എന്ന് വ്യവസ്ഥയില്ല.  എപ്പോൾ വേണമെങ്കിലും അക്കൗണ്ടിൽ ഉള്ളത് എടുക്കാവുന്നതാണ്.   ഒരു സമയം തുടർച്ചയായി എടുക്കാവുന്ന പരാമാവധി EL 180 ആണ്.  സഫിക്സോ പ്രിഫിക്സോ ഉണ്ടെങ്കിൽ അതും ഉൾപ്പെടെ പരാമാവധി 180 ലീവുകളേ പാടുള്ളൂ. എന്നാൽ  റിട്ടയർമെന്റിന് മുന്നോടിയായി എടുക്കുമ്പോൾ  പരാമാവധി 300 ലീവ് വരെ ആകാം. 


( Earned Leave,  Half Pay Leave,  Commuted Leave എന്നിവ തുടങ്ങുന്നതിനു തൊട്ടുമുൻപോ ലീവ് കഴിഞ്ഞതിനു ശേഷം ഉടനേയോ പൊതു അവധി ദിനങ്ങളോ ഞായറാഴ്ചകളോ വന്നാൽ അത് ലീവിൽ കൂട്ടാതെ അവധി ആയി  എടുക്കാം.  ഇങ്ങനെ ലീവിന് മുൻപ് വരുന്ന അവധിദിനങ്ങൾ എടുക്കുന്നതിനെ പ്രിഫിക്സ് ചെയ്യുക എന്നും ലീവിനുശേഷം വരുന്നതിനെ സഫിക്സ് ചെയ്യുക എന്നും പറയുന്നു )

  അക്കൗണ്ടിൽ leave ഉണ്ടെങ്കിൽ ഒരു വർഷത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും Earned Leave എടുക്കാം.  ഒരെണ്ണമോ രണ്ടെണ്ണമോ നാലെണ്ണമോ ഒക്കെ  സൗകര്യാർത്ഥം എടുക്കാം. 


  റിട്ടയർ ചെയ്യുന്ന സമയത്ത്  അക്കൗണ്ടിൽ Earned Leave ബാക്കിയുണ്ടെങ്കിൽ 300 ഏൺഡ് ലീവുകൾ  സറണ്ടർ ചെയ്യാം. Terminal Surrender എന്നാണ് ഈ ആനുകൂല്യം അറിയപ്പെടുന്നത്.   ഇതിന് റിട്ടയർ ചെയ്യുന്ന സമയത്തെ ശമ്പള നിരക്കിൽ 300 ദിവസത്തെ  ശമ്പളം  ലഭിക്കും. പ്രസവാവധി, മെഡിക്കൽ സർട്ടിഫിക്കറ്റിൻമേലോ അല്ലാതെയോ ഉള്ള ശൂന്യവേതാനാവധി, Half Pay Leave,  Commuted Leave,  Earned Leave  പിതൃത്വാവധി ഉൾപ്പെടെയുള്ളവ    ഏൺഡ് ലീവ് കണക്കാക്കുന്നതിന് പരിഗണിക്കില്ല.  അതായത് ഈ അവധിയിൽ ഉള്ള കാലത്ത്   Earned Leave  ആർജ്ജിക്കാൻ കഴിയില്ല. പ്രൊബേഷൻ കാലത്ത് ഏൺഡ് ലീവെടുത്താൽ അത്രയും നാൾ പ്രൊബേഷൻ നീണ്ടുപോകും.  അതായത് പ്രൊബേഷന് പരിഗണിക്കാത്ത കാലമാണ് ഏൺഡ് ലീവ്.  ഒരു സമയം Leave അക്കൗണ്ടിൽ പരാമാവധി ആർജ്ജിക്കാവുന്ന EL  300 ആണ്.  അതായത് 300 ലീവുകൾ ആയിട്ടും അത് സറണ്ടർ ചെയ്യുകയോ ലീവ് എടുക്കുകയോ ചെയ്യാതിരുന്നാൽ പിന്നീട് ജോലി ചെയ്യുന്ന കാലത്തിനു EL ആർജ്ജിക്കാൻ കഴിയില്ല. 


Earned Leave  ഒരിക്കൽ അനുവദിച്ചാൽ പിന്നീട് ഇനം മാറ്റാൻ കഴിയില്ല.  എന്നാൽ ഒരിക്കൽ അനുവദിച്ച  മറ്റ് ഏതൊരു Leave ഉം പിന്നീട്  മുൻകാലപ്രാബല്യത്തോടെ ഇനം മാറ്റി അവധി അനുവദിച്ച  സമയത്തെ  അർഹതപ്പെട്ട മറ്റൊരു  അവധിയാക്കി   മാറ്റാവുന്നതാണ്.


2,  Half Pay Leave അഥവാ അർദ്ധവേതനാവധി: 


  സർവ്വീസിൽ പ്രവേശിച്ച്  പൂർത്തീകരിച്ച ഓരോ വർഷത്തിനും 20 എന്ന കണക്കിൽ അക്കൗണ്ടിൽ HPL ക്രെഡിറ്റ് ചെയ്യുന്നു. ഉദാ:ഒന്നര വർഷം ആയെന്നു കരുതി 30 കിട്ടില്ല, 20 മാത്രം..  പൂർത്തീകരിച്ച വർഷങ്ങൾക്കു മാത്രമേ leave കണക്കാക്കൂ .. 


 പ്രസവാവധി,   ഉൾപ്പെടെയുള്ള  എല്ലാ അവധികളും ഹാഫ് പേ ലീവ് കണക്കാക്കാൻ പരിഗണിക്കും.   എന്നാൽ വിദേശത്ത് ജോലി ചെയ്യാനോ  വിദേശത്തുള്ള ജീവിതപങ്കാളിയോടൊപ്പം താമസിക്കാനോ പഠനാവശ്യങ്ങൾക്കോ എടുക്കുന്ന ശൂന്യവേതനവധിക്കാലം  ( LWA as per KSR aapendix 12 A,  12B,  and 12C ) Half Pay Leave കണക്കാക്കുന്നതിന് പരിഗണിക്കില്ല.   സർവ്വീസിൽ കയറി ഒരു വർഷം പൂർത്തിയായാലേ HPL  എടുക്കാൻ കഴിയൂ.  ഇത് പ്രൊബേഷന് പരിഗണിക്കാത്ത തരം അവധിയാണ്.   ഒരു സമയം തുടർച്ചയായി എടുക്കാവുന്ന Half Pay ലീവുകളുടെ എണ്ണം   നിയന്ത്രണം ഇല്ല.  അതുകൊണ്ട് ക്രെഡിറ്റിൽ ഉള്ള ലീവ്  തുടർച്ചയായി എടുക്കാം. 


3,  Commuted Leave:


രണ്ട്  ഹാഫ് പേ ലീവുകൾ  commute ചെയ്ത്  ഒരു ഫുൾപേ ലീവ് ആക്കി  എടുക്കുന്നതിനെയാണ് Commuted Leave എന്ന് പറയുന്നത്.  ഇത്തരത്തിൽ ലീവ് അക്കൗണ്ടിൽ ബാക്കിയുള്ള എത്ര ഹാഫ് പേ ലീവ് വേണമെന്കിലും കമ്മ്യൂട്ട് ചെയ്യാവുന്നതാണ്.  കമ്മ്യൂട്ടഡ് ലീവിന് ഏർൺഡ് ലീവ് പോലെ തന്നെ മുഴുവൻ ശമ്പളവും ലഭിക്കും. എന്നാൽ ലീവ് കമ്മ്യൂട്ട് ചെയ്യണമെന്കിൽ സർവ്വീസിൽ പ്രവേശിച്ച് 3 വർഷം പൂർത്തിയാക്കിയിരിക്കണം. ഈ ലീവും പ്രൊബേഷന് യോഗ്യ കാലമല്ല. ലഭിക്കുന്ന ബേസിക് പേയുടെ പകുതിയും മുഴുവൻ DA യും HPL എടുത്താൽ ലഭിക്കും  എന്നത് ശ്രദ്ധിക്കുക.  ( 2016 ലെ   ശമ്പളപരിഷ്കരണത്തിനു മുൻപ് 18720 രൂപയിൽ താഴെ ബേസിക് പേ ഉണ്ടായിരുന്നവർക്കാണ് ഇങ്ങനെ മുഴുവൻ DA ലഭിച്ചിരുന്നത്. )


Earned ലീവും commuted ലീവും കൂടി ചേർത്തെടുക്കുമ്പോൾ ഒരേ സമയം തുടർച്ചയായി എടുക്കാവുന്ന ലീവുകളുടെ എണ്ണം സഫിക്‌സും പ്രിഫിക്‌സും ഉൾപ്പെടെ 240 ആണ്. 


4.   പ്രസവാവധി ML:  

             

  PSC വഴിയാണ് നിയമനം എങ്കിൽ  സർവ്വീസിൽ പ്രവേശിക്കുന്നതിന് മുൻപ് പ്രസവം നടന്നവർക്കും ഈ ലീവ് കിട്ടും. പ്രസവം നടന്ന തീയതി മുതൽ 180 ദിവസം പൂർത്തിയാകുവാൻ എത്ര ദിവസം ബാക്കിയുണ്ടോ അത്രയും ദിവസം സർവ്വീസിൽ പ്രവേശിച്ച അടുത്ത ദിവസം മുതൽ  ML എടുക്കാം. 


 പ്രസവം നടന്നതിന്  ശേഷം സർവ്വീസിൽ വന്നവർ ആ  വിവരം കാണിച്ചുള്ള മെഡിക്കൽ സർട്ടിഫിക്കറ്റോ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പിയോ ലീവ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.  


പ്രസവാവധി പ്രസവത്തിന് ആറുമാസം മുൻപ് മുതൽ അത്യാവശ്യമെങ്കിൽ  എടുക്കാം. എന്നാൽ പ്രസവം നടക്കുന്ന ദിവസം ഈ 180 ദിവസത്തിൽ നിർബന്ധമായും ഉൾപ്പെട്ടിരിക്കണം. 


പ്രസവാവധി പ്രൊബേഷന് യോഗ്യകാലമാണ്. 


പ്രസവധിയുടെ തുടർച്ചയായി ആവശ്യമെങ്കിൽ 60 ദിവസത്തെ LWA എടുക്കാവുന്നതാണ്.  ഇതിനു പ്രത്യേകം മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.  മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതനവധിപോലെ തന്നെ ഈ കാലഘട്ടം എല്ലാ ആനുകൂല്യങ്ങൾക്കും യോഗ്യകാലമായി പരിഗണിക്കും.  ഇത് പ്രസവാവധിയുടെ തുടർച്ചയായി എടുക്കേണ്ടതാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.  പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിച്ച് ഒരു ദിവസം എങ്കിലും ജോലി ചെയ്താൽ പിന്നെ ഈ അവധിക്കു അർഹതയില്ല.  


പ്രസവാവധി കൂടാതെ അബോർഷൻ ആകുന്നവർക്ക് മിസ്കാരേജ് ലീവ് എന്ന പേരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൻമേൽ ആറ്  ആഴ്ചത്തെ അതായത് 42 ദിവസത്തെ അവധി ലഭിക്കും.


ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയമാകുന്ന വനിതകൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ 45 ദിവസം അവധി ലഭിക്കും.  


വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാകുന്ന പുരുഷ ജീവനക്കാർക്ക് 6 ദിവസവും സ്ത്രീ ജീവനക്കാർക്ക് 14 ദിവസവും സ്പെഷ്യൽ casual leave ലഭിക്കും. ആദ്യ ശസ്ത്രക്രിയ പരാജയമാണെങ്കിൽ വീണ്ടും ചെയ്യുന്നതിനായി  സർവീസിൽ രണ്ടാമത് ഒരുവട്ടം കൂടി ഈ leave എടുക്കാം. 


5.  Paternity Leave അഥവാ പിത്യത്വാവധി:  ഭാര്യ പ്രസവിക്കുമ്പോൾ  സർവ്വീസിലുള്ള ഭർത്താവിന് ലഭിക്കുന്നതാണ് ഇത്. സർവ്വീസിൽ ആകെ രണ്ടുവട്ടമേ ലഭിക്കൂ. 


 10 ദിവസമാണ് കേരള സർവ്വീസിൽ പിതൃത്വാവധി.  പ്രസവം കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ ലീവ് എടുത്തിരിക്കണം . മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലോ  ഭാര്യയുടെ ഡിസ്ചാർജ്ജ് സമ്മറിയുടെ കോപ്പി വച്ചോ എടുക്കണം. ഡിസ്ചാർജ്ജ് സമ്മറിയിൽ ഭാര്യയുടെ പേരിനൊപ്പം wife of ഇന്നയാൾ എന്നും ഉദ്യോഗസ്ഥൻ്റെ മേൽവിലാസവും എഴുതിയിരിക്കണം. ഇത് പ്രൊബേഷന് യോഗ്യകാലമായി പരിഗണിക്കുന്ന തരം അവധിയാണ്.  


6. Casual Leave:  കാഷ്വൽ ലീവ് അഥവാ യാദൃശ്ചികാവധി.  വെക്കേഷന് അർഹതയില്ലാത്ത വിഭാഗം ജീവനക്കാർക്ക് വർഷത്തിൽ 20 ദിവസം വരെ കാഷ്വൽ ലീവ് എടുക്കാവുന്നതാണ്.  കാഷ്വൽ ലീവ് ജീവനക്കാരൻ്റെ അവകാശമല്ല. മാത്രമല്ല ഈ ലീവ് ഡ്യൂട്ടിയായാണ് പരിഗണിക്കുക. കലണ്ടർ വർഷത്തിൻ്റെ ഏത് സമയത്ത് സർവ്വീസിൽ ജോയിൻ ചെയ്യുന്നവർക്കും 20 കാഷ്വൽ ലീവും എടുക്കാവുന്നതാണ്. എന്നാൽ ഇത് മേലധികാരിയുടെ വിവേചനാധികാരത്തിന് വിധേയമാണ്. അതായത് ഡിസംബറിൽ ജോയിൻ ചെയ്യുന്നയാൾക്കും  ജനുവരിയിലോ ഫെബ്രുവരിയിലോ വിരമിക്കുന്നയാൾക്കും   20 കാഷ്വൽ ലീവും നൽകാൻ  മേലധികാരിക്ക് അധികാരമുണ്ട്. അങ്ങനെ നൽകി എന്നതുകൊണ്ട്  leave അനുവദിക്കുന്ന അധികാരിയുടെ മേലധികാരികൾക്കോ ഓഡിറ്റ് വിഭാഗത്തിനോ  യാതൊരുവിധ ഒബ്ജെക്ഷനും ഉന്നയിക്കാൻ കഴിയില്ല.   എന്നാൽ നൽകിയില്ല എന്ന് കരുതി ജീവനക്കാരന്  പരാതിപ്പെടാനും ആവില്ല .


 കാഷ്വൽ ലീവ് നിഷേധിക്കാൻ മേലധികാരിക്ക് അധികാരമുണ്ട്.  ലീവ് അനുവദിച്ചാൽ സ്ഥാപനത്തിൻ്റെ പ്രവർത്തനം തടസ്സപ്പെടുന്നതുപോലെയോ മറ്റോ ഉള്ള ഗൗരവമായ കാരണങ്ങൾ ഉണ്ടാവുകയും അത് രേഖാമൂലം ലീവിന് അപേക്ഷിച്ച ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തുകയും ചെയ്യണം.  ചില മേലധികാരികൾ CL എടുക്കാൻ മുൻകൂട്ടി അപേക്ഷ നൽകണം എന്ന്  ശഠിക്കാറുണ്ട്.  അത് നിയമപരമല്ല.  കാരണം പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അവിചാരിതമായ ആവശ്യങ്ങൾക്കായി എടുക്കാനുള്ളതാണ് Casual Leave അഥവാ യാദൃശ്ചികാവധി. അത്തരം ആവശ്യങ്ങൾക്ക് തലേന്ന് അപേക്ഷ കൊടുത്ത് അവധി അനുവദിപ്പിക്കാൻ എങ്ങനെ കഴിയും ! എന്നാൽ അങ്ങനെ അത്യാവശ്യങ്ങൾക്കായി CL എടുക്കുമ്പോൾ   മേലധികാരിയെ  അറിയിച്ചിരിക്കണം.  


സർക്കാർ സർവീസിലെ നഴ്സുമാർക്ക് മൂന്നു ദിവസത്തെ തുടർച്ചയായ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം 24 മണിക്കൂർ നേരത്തെ വിശ്രമം എടുക്കാം.  ഇത് വീക്കിലി ഓഫുകളിൽ നിന്ന് കുറവു ചെയ്യാൻ പാടില്ല.  ഒരു വർഷം 52 വീക്കിലി ഓഫുകൾക്കാണ് അർഹതയുള്ളത്.  ഒരു മാസം എത്ര ഞായറാഴ്ച ഉണ്ടോ അത്രയും വീക്കിലി ഓഫുകൾ എടുക്കാം.  സ്ഥാപനത്തിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വീക്കിലി ഓഫുകൾ എല്ലാം അനുവദിക്കാൻ കഴിയാതെ വന്നാൽ അടുത്ത മാസം കോംപൻസേറ്ററി ഓഫ് ആയി അനുവദിക്കാം. ഓഫ് അനുവദിക്കുന്നതിന് ആറ് പ്രവൃത്തിദിനം ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്. എന്നാൽ രണ്ട് ഓഫുകൾക്കിടയിൽ ആറ് പ്രവൃത്തി ദിനങ്ങൾ വേണമെന്ന് വ്യവസ്ഥയില്ല.  ഓഫ് അനുവദിക്കുന്നതിനായി കാഷ്വൽ ലീവ്, ഹോളിഡേയ്സ്, കോംപൻസേറ്ററി ഹോളിഡേയ്സ് മുതലായവ ഡ്യൂട്ടിയായി കണക്കാക്കണം എന്നാണ് ചട്ടം.  എന്നാൽ തുടർച്ചയായി ആറ് ദിവസം കാഷ്വൽലീവോ കോംപൻസേറ്ററി ഹോളിഡേയ്സോ രണ്ടും കൂടിയോ എടുത്താൽ ആ മാസത്തെ വീക്കിലി ഓഫുകളിൽ ഒരെണ്ണം കുറവു ചെയ്യും.  എലിജിബിൾ ലീവുകളായ ഏർൺഡ് ലീവ്, ഹാഫ്പേ ലീവ്, കമ്മ്യൂട്ടഡ് ലീവ് തുടങ്ങിയവയൊന്നും ഓഫ് തരുന്നതിന് പരിഗണിക്കില്ല. മറ്റ് അവധി ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓഫ് ജീവനക്കാരൻ്റെ അവകാശമാണ്. ഏതൊരു സാഹചര്യത്തിലായാലും ജീവനക്കാരൻ്റെ സമ്മതത്തോട് കൂടിയല്ലാതെ തുടർച്ചയായി ആറു ദിവസത്തിലധികം ഓഫ് നൽകാതെ ജീവനക്കാരനെ ജോലി ചെയ്യിക്കാൻ പാടില്ല. എന്നാൽ ജീവനക്കാരന് മേലധികാരിയുടെ അനുവാദത്തോടെ തുടർച്ചയായി 12 ദിവസം ജോലി ചെയ്ത് തുടർച്ചയായി രണ്ട് ഓഫ് എടുക്കാവുന്നതാണ്. എന്നാൽ ഇതും മേലധികാരിയുടെ വിവേചനാധികാരമാണ്.  


കേരള സർക്കാർ സർവ്വീസിലെ നഴ്സുമാർക്ക് എല്ലാ അവധി ദിവസങ്ങളും അതാത് ദിവസങ്ങളിലോ അതാത് ദിവസം ജോലി ചെയ്യുന്നവർക്ക് കോംപൻസേറ്ററി ഹോളിഡേ ആയോ എടുക്കുന്നതിന് അനുവാദമുണ്ട്. കലണ്ടറിലെ എല്ലാ ഹോളിഡേകളും ഇപ്രകാരം എടുക്കാം.  എന്നാൽ കോംപൻസേറ്ററി ഹോളിഡേകൾ  ആ  ഹോളിഡേ വന്ന തീയതി മുതൽ 90 ദിവസത്തിനകം  ( 60 ദിവസമല്ല) കോംപൻസേറ്റ് ചെയ്തിരിക്കണം. 


ആശുപത്രികളിൽ ഓഫ്, കാഷ്വൽ ലീവ്, ഹോളിഡേ, കോംപൻസേറ്ററി ഹോളിഡേ എന്നിവ അനുവദിക്കേണ്ടത് നഴ്സിംഗ് സൂപ്രണ്ടാണ്. നഴ്സിംഗ് സൂപ്രണ്ടിൻ്റെ തസ്തിക ഇല്ലാത്ത 

സ്ഥലങ്ങളിൽ മെഡിക്കൽ സൂപ്രണ്ട് അല്ലെന്കിൽ  മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് അനുവദിക്കണം.   എന്നാൽ എലിജിബിൾ ലീവുകൾക്കുള്ള അപേക്ഷ അനുവദിക്കേണ്ടത് മെഡിക്കൽ സൂപ്രണ്ട് അഥവാ മെഡിക്കൽ ഓഫീസർ ഇൻചാർജ്ജ് ആണ്.  ലീവ് അനുവദിക്കേണ്ടയാൾക്ക് ആണ് ലീവ് അപേക്ഷ എഴുതേണ്ടത്. 


കാഷ്വൽ ലീവ്, ഓഫുകൾ, ഹോളിഡേകൾ എന്നീ മൂന്നു വിഭാഗം അവധികളും ഒന്നിച്ച് എടുക്കാൻ പാടില്ല. മാത്രമല്ല ഇത്തരത്തിലുള്ള അവധികൾ എല്ലാം കൂടി ചേർത്ത് ഒറ്റത്തവണ പരമാവധി 15 ദിവസമേ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കാവൂ എന്നും വ്യവസ്ഥയുണ്ട്.  


മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ പിൻബലത്തിൽ എടുക്കുന്ന ശൂന്യവേതാനാവധി ഇൻക്രിമെൻ്റ്, സീനിയോറിറ്റി, പെൻഷൻ, ശന്പള പരിഷ്കരണം എന്നിവയ്ക്ക് യോഗ്യകാലമായി കണക്കാക്കും.   പ്രൊബേഷൻ ഡിക്ലയർ ചെയ്തയാൾക്ക് പരമാവധി 120 ദിവസവും പ്രൊബേഷൻ കഴിയാത്ത ഉദ്യോഗസ്ഥന് പരമാവധി 90 ദിവസവുമാണ് ഒരു പ്രാവശ്യം എടുക്കാൻ കഴിയുന്ന  ( സ്ഥാപനമേലധികാരിക്ക് അനുവദിക്കാൻ കഴിയുന്ന ) ശൂന്യവേതനാവധി. ഇങ്ങനെ  LWA അനുവദിക്കാൻ സ്ഥാപന മേലധികാരിക്ക് അനുവാദമുണ്ട്. എന്നാൽ  ഇതിൽ കൂടുതൽ ശൂന്യവേതനാവധി എടുത്താൽ അത് അനുവദിക്കാൻ സർക്കാരിന് മാത്രമേ അനുവാദമുള്ളു. 


മെഡിക്കൽ സർട്ടിഫിക്കറ്റ് വച്ച് ലീവെടുക്കുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെയും ലീവ് അപേക്ഷയുടെയും ഓരോ കോപ്പി എടുത്ത് സൂക്ഷിച്ചു വയ്ക്കണം. ലീവ് on medical grounds എന്ന് സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തിയതായും ഉറപ്പു വരുത്തണം. കാരണം കുറേ കാലം കഴിഞ്ഞ് ശന്പള പരിഷ്കരണ സമയത്തോ മറ്റോ നോക്കുമ്പോൾ  സർവ്വീസ് ബുക്കിൽ ഒട്ടിച്ച് വച്ചിരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നഷ്ടമായതായി പലപ്പോഴും കാണാറുണ്ട്.  കോപ്പി കൈവശമുണ്ടെന്കിൽ ഈ പ്രശ്നം സിംപിൾ ആയി പരിഹരിക്കാൻ കഴിയും. 


 

മേൽപ്പറഞ്ഞ ലീവുകൾ കൂടാതെ XRay,  CT സ്കാൻ,  Cath Lab  പോലുള്ള റേഡിയേഷൻ ഏൽക്കാൻ സാധ്യതയുള്ള ഡിപ്പാർട്ട്മെന്റുകളിൽ  ജോലിചെയ്യുന്ന വിവിധ വിഭാഗം ജീവനക്കാർക്ക്  ഒരു കലണ്ടർ വർഷത്തിൽ 30 ദിവസത്തെ പ്രത്യേക അവധി ലഭിക്കുന്നതാണ്.  ഇവിടങ്ങളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും ഇത് ലഭിക്കും. 


കൂടാതെ 'ഡിഫറെന്റലി ഏബിൾഡ്' ആയ ജീവനക്കാർക്ക് തങ്ങളുടെ വൈകല്യത്തിന്റെ ഭാഗമായ  ശാരീരിക  അവശതകൾ അനുഭവിക്കുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ  അടിസ്ഥാനത്തിൽ  15 ദിവസത്തെ പ്രത്യേക അവധി അനുവദനീയമാണ്.   മാത്രമല്ല ഇത്  ലഭിക്കുന്നതിന്  ഏതെങ്കിലും ഒരു  അംഗീകൃത ഡോക്ടറുടെ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്.  ചില മേലധികാരികൾ നിശ്ചിത വിഭാഗം സ്പെഷ്യലിസ്റ്റുകളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന് നിർബന്ധിക്കാറുണ്ട്.  എന്നാൽ ഇങ്ങനെ വ്യവസ്ഥയില്ല.  


ബ്ലഡ് ഡൊണേഷൻ ചെയ്യുന്നവർക്ക് ഒരു ഡൊണേഷന് ഒരു ദിവസം വീതം ഒരു  കലണ്ടർ വർഷത്തിൽ പരമാവധി 4 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്, ഡ്യൂട്ടി സമയത്ത് എന്തെന്കിലും അപകടം പറ്റുന്നവർക്ക് ആവശ്യമായ കാലയളവിലേക്കുള്ള special disability leave, ആൻ്റി റാബീസ് കുത്തിവയ്പ് ആവശ്യമായി വരുന്നവർക്ക് എടുക്കുന്നത് ARV ആണേൽ 14 ദിവസത്തെ  സ്പെഷ്യൽ കാഷ്വൽ ലീവ്  ( എടുക്കുന്നത് IDRV ആണേൽ ലീവ് കുത്തിവയ്പ് എടുക്കുന്ന ദിവസങ്ങളിൽ മാത്രമേ കിട്ടൂ)  അങ്ങനെ വിവിധങ്ങളായ നിരവധി ലീവുകളും കേരള സർക്കാർ സർവ്വീസിൽ അനുവദനീയമാണ്.


"Leave cannot be claimed as a  matter of right" എന്നതാണ് ചട്ടം. ( KSR Rule 65 ).

Monday, December 2, 2024

പി.ടി.എ. കളും എസ്.എം.സി. കളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾക്കുമപ്പുറം സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണപരമായ കാര്യങ്ങളിലും ഇടപെട്ട് സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുന്നില്ലെന്ന് ഉറപ്പാക്കണം

 സംസ്ഥാനത്തെ സ്കൂൾ പി.ടി.എ. കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികൾ ചില മേഖലകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. സ്കൂളിലെ പഠന പ്രവർത്തനങ്ങളും സമാധാന അന്തരീക്ഷവും വികസന പ്രവർത്തനങ്ങളും പൊതു ജനങ്ങളും രക്ഷകർത്തൃ സമൂഹവും ആഗ്രഹിക്കുന്ന രൂപത്തിൽ നടപ്പിലാക്കാൻ സ്കൂൾ അധികൃതരെയും വിദ്യാർത്ഥികളെയും സഹായിക്കുക എന്നതാണ് സ്കൂൾ പി.ടി.എ. കളുടെയും എസ്.എം.സി. കളുടെയും മുഖ്യമായ കടമയും ലക്ഷ്യവും


അധ്യാപക രക്ഷകർത്തൃ സമിതിയുടെ (പി.ടി.എ.) പ്രവർത്തനം സംബന്ധിച്ച് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത ഉത്തരവിന് 2007-08 അക്കാദമിക വർഷം മുതൽ പ്രാബല്യമുണ്ട്. ഈ ഉത്തരവിൽ സ്കൂൾ പി.ടി.എ.കൾക്ക് ഇനി പറയുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തുന്നതിന് നിർദ്ദേശിച്ചിരിക്കുന്നത്.


1.    സ്കൂളിലേക്ക് ആവശ്യമായ വിവിധ രജിസ്റ്ററുകൾ ലഭ്യമാക്കുക.


2.    സ്കൂൾ ഓഫീസ് ആവശ്യത്തിനുള്ള സ്റ്റേഷനറി സാധനങ്ങൾ വാങ്ങി നൽകുക.


3.    സ്കൂൾ ഡയറി വിതരണത്തിന് തയ്യാറാക്കുക.


4.    സ്കൂൾ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക.


5.    രാസവസ്തുക്കൾ ഉൾപ്പെടെയുള്ള ലബോറട്ടറി സാധനങ്ങള്‍/ഉപകരണങ്ങൾ എന്നിവ തയ്യാറാക്കുക.


6.    കമ്പ്യൂട്ടർ ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കുക.


7.    ആവശ്യത്തിനുള്ള വൈദ്യുതി ഉപകരണങ്ങൾ ലഭ്യമാക്കുക.


8.    സ്പോർട്സ്/കളികൾ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുക.


9.    പ്രഥമ ശുശ്രൂഷയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക.


10.  ടോയിലറ്റുകൾ വൃത്തിയാക്കാൻ ആവശ്യമായ പദാർത്ഥങ്ങൾ ലഭ്യമാക്കുക.


11.  ശുദ്ധജല വിതരണത്തിന് ആവശ്യമായ പൈപ്പ്/ടാപ്പ് എന്നിവ സജ്ജീകരിക്കുക.


12.  സ്കൂൾ ആവശ്യത്തിനുള്ള ഫർണിച്ചറുകൾ സംഘടിപ്പിക്കുക.


13.  സ്കൂൾ വാഹനങ്ങളുടെ മെയിന്റനൻസ്/വാഹനം വാങ്ങൽ എന്നിവ.


14.  പത്രം/ആനുകാലികങ്ങൾ എന്നിവ വാങ്ങി നൽകുക.


15.  ഫർണിച്ചർ/ജനൽ/വാതിലുകൾ തുടങ്ങിയവയുടെ റിപ്പയർ സ്കൂളിന്റെ/ക്ലാസ് മുറികളുടെ  ചെറിയതരം അറ്റകുറ്റപ്പണികൾ.


16.  സ്കൂളിന് ആവശ്യമുള്ള ടോയിലറ്റുകൾ/കക്കൂസ്/കുടിവെള്ള സൗകര്യം/കളിസ്ഥലം എന്നിവ നിർമ്മിക്കുക.


17.  കെട്ടിട നിർമ്മാണ ചിലവുകൾ വഹിക്കുക. 


18.  സ്കൂൾ ഉച്ചഭക്ഷണം/പ്രഭാത ഭക്ഷണം എന്നിവയുടെ ഫലപ്രദമായ നടത്തിപ്പ്.


19.  സ്കൂളിൽ നടക്കുന്ന സാംസ്കാരിക പരിപാടികൾ/ സെമിനാറുകൾ/ ചർച്ചകൾ/ പഠനാനുബന്ധ പ്രവർത്ത നങ്ങളായ സ്കൂൾ കലോത്സവം/ശാസ്ത്രമേള/കായികമേള/ സ്കൂൾ പാർലമെന്റ്/കരിയർ ഗൈഡൻസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സഹായം നൽകുക.


20.  സ്കൂൾ ലൈബ്രറിക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾക്ക് ഓരോ വർഷവും ലഭിക്കുന്ന പി.ടി.എ ഫണ്ടിന്റെ 15 ശതമാനം വിനിയോഗിച്ച് ലൈബ്രറി പുസ്തകങ്ങൾ വാങ്ങി ഉപയോഗപ്പെടുത്തുക എന്നിവയാണ്. 


പി.ടി.എ.കളുടെ കാലാവധി സംബന്ധിച്ച്


സ്കൂൾ പി.ടി.എ. കമ്മിറ്റികളുടെ പ്രസിഡന്റായി ഒരാൾക്ക് തുടരുന്നതിനുള്ള തുടർച്ചയായ കാലാവധി സംബന്ധിച്ച് തർക്കങ്ങൾ ചില സ്കൂളുകളിൽ ഉയർന്നു വരുന്നുണ്ട്. 


സർക്കാർ ഉത്തരവ് പ്രകാരം പി.ടി.എ. പ്രസിഡന്റിന്റെ തുടർച്ചയായ പരമാവധി കാലാവധി മൂന്ന് വർഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.


പി.ടി.എ. അംഗത്വവും – അംഗത്വ ഫീസ് – അനുവദനീയമായ തുക 


സ്കൂളുകളിലെ പി.ടി.എ. അംഗത്വം വർഷംതോറും എല്ലാ രക്ഷിതാക്കളും നിർബന്ധമായും പുതുക്കേണ്ടതും ആയതിന്റെ അംഗത്വ ഫീസിന്റെ പ്രതിശീർഷക നിരക്ക് താഴെ പറയുന്ന പ്രകാരം നിജപ്പെടുത്തിയിരിക്കുന്നതുമാണ്.


·     എൽ പി വിഭാഗം 10 രൂപ 


·     യുപി വിഭാഗം 25 രൂപ 


·     ഹൈസ്കൂൾ വിഭാഗം 50 രൂപ 


·     ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 100 രൂപ എന്ന നിരക്കിലുമാണ്. 


പ്രത്യേക ആവശ്യങ്ങൾക്കുള്ള പിരിവ്


മുൻ വർഷത്തിലെ മൂന്നാം ടേമിലെ പി.ടി.എ. ജനറൽ ബോഡിയോഗം തീരുമാനിക്കുകയാണെങ്കിൽ സ്കൂളിലെ നടപ്പ് അക്കാദമിക വർഷത്തെ പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള അക്കാദമിക ആവശ്യങ്ങൾക്കായി ഇനി പറയുന്ന പരമാവധി നിരക്കിൽ ഓരോ വിഭാഗത്തിലെ വിദ്യാർത്ഥി/ രക്ഷിതാവിൽ നിന്നും ഫണ്ട് ശേഖരിക്കാവുന്നതാണ്.


·     എൽ പി വിഭാഗം 20 രൂപ 


·     യുപി വിഭാഗം 50 രൂപ 


·     ഹൈസ്കൂൾ വിഭാഗം 100 രൂപ 


·     ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 400 രൂപ 


ഓരോ രക്ഷിതാവിനെയും മേൽപ്പറഞ്ഞ തുക കൊടുക്കാൻ നിർബന്ധിക്കുകയോ പ്രസ്തുത തുക കൊടുക്കാത്ത രക്ഷിതാവിന്റെ മകൾ/മകന് സ്കൂൾ പ്രവേശനം നിഷേധിക്കുകയോ ചെയ്യാൻ പാടില്ലാത്തതുമാണ്. അനുവദനീയമായി പിരിച്ചെടുക്കാൻ കഴിയുന്ന തുകകൾ ഇതായിരിക്കെ സ്കൂളുകളിലെ പി.ടി.എ. അംഗത്വ ഫീസ് പ്രത്യേക ആവശ്യങ്ങൾക്കായുള്ള പണപ്പിരിവ് എന്നിവ സംബന്ധിച്ച് വിവിധങ്ങളായ പരാതികൾ രക്ഷിതാക്കളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. 


ഈ വിഷയങ്ങളെ സംബന്ധിച്ച് പി.ടി.എ. കൾക്കോ വ്യക്തികൾക്കോ ആക്ഷേപം ഉള്ള പക്ഷം പരാതി ലഭ്യമാക്കിയാൽ വകുപ്പിലെ ചുമതലയുള്ള ഉദ്യോഗസ്ഥർ ആവശ്യമായ പരിശോധനകൾ നടത്തുമെന്നിരിക്കെ ചില സ്കൂളുകളിലെങ്കിലും പി.ടി.എ. കളും എസ്.എം.സി. കളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾക്കുമപ്പുറം സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണപരമായ കാര്യങ്ങളിലും ഇടപെട്ട് സ്കൂളുകളുടെ സുഗമമായ  പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ ഈ കാര്യങ്ങളിൽ ആവശ്യമായ ആലോചന നടത്തി തുടർ തീരുമാനങ്ങൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്.



Wednesday, June 28, 2023

Whatsapp Notification Service enabled

School App Community വഴി അറിയിപ്പുകൾ നേരിട്ട് Whatsapp ൽ ലഭിക്കാൻ താഴെയുള്ള കമ്മ്യൂണിറ്റി യിൽ ജോയിൻ ചെയ്യുക 


9947719822 എന്ന Whatsapp നമ്പറിൽ message അയക്കുക


 https://chat.whatsapp.com/F6IiXi6cFqSH9upToqtBq1

Thursday, July 7, 2022

ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനം-പ്രൊസ്പെക്റ്റസ് പുറത്തിറങ്ങി

 

DOWNLOAD

*അപേക്ഷ സമർപ്പണം*


2022 ജൂലൈ 11 മുതൽ പ്ലസ് വൺ  പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി     സമർപ്പിക്കാവുന്നതാണ്. 

അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി  ജൂലൈ 18. 


ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്‌മെന്റ് തീയതി :  ജൂലൈ 21


ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂലൈ 27


മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2022 ആഗസ്ത്  11


· മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം  സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.

· മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.


സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ

സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ  സംവിധാനത്തിൽ ആയിരിക്കും. 

ആദ്യ ഘട്ടത്തിൽ സ്‌പോർട്ട്‌സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 

രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾ സ്‌പോർട്ട്‌സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്‌സുകൾ ഓപ്ഷനായി  ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം. 

ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.


*പ്രധാന മാറ്റങ്ങൾ*

അക്കാദമിക് മികവിന് മുൻ തൂക്കം നൽകുന്നതിനായി ചുവടെ പറയുന്ന മാറ്റങ്ങൾ ഈ വർഷം നടപ്പിലാക്കുന്നു.

1. നീന്തൽ അറിവിനു നൽകി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി.

2. ഓരോ വിദ്യാർത്ഥിയുടേയും W G P A 

(Weighted Grade Point Average) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്. 

W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം അക്കാദമിക മികവിന്റേയും രണ്ടാം ഭാഗം ബോണസ് പോയിന്റിന്റേയും ആണ്. 

W G P A  ഏഴ്  ദശാംശസ്ഥാനത്തിന് കൃത്യമായി കണക്കിലെടുത്തതിനു ശേഷവും ഒന്നിലേറെ അപേക്ഷകർക്ക് തുല്യ പോയിന്റ് ലഭിച്ചാൽ  W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം കൂടുതൽ ഉള്ളത് റാങ്കിൽ മുന്നിൽ ഉൾപ്പെടുത്തുന്ന മാറ്റം നടപ്പിലാക്കി.

3. ടൈ ബ്രേക്കിങിന് - എൻ.റ്റി.എസ്.ഇ. (നാഷണൽ ടാലന്റ് സെർച് പരീക്ഷയിലെ) മികവിനൊപ്പം ഈ വർഷം പുതിയതായി 

എൻ.എം.എം.എസ്.എസ്.ഇ (നാഷണൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ ),

യു.എസ്.എസ്., എൽ.എസ്.എസ്. പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി.

4. മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചു.

5. മുഖ്യഘട്ടം മുതൽ തന്നെ മാർജിനൽ സീറ്റ് വർദ്ധനവും താൽക്കാലിക അധിക ബാച്ചുകളും അനുവദിച്ച് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതാണ്.

6. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 % മാർജിനൽ സീറ്റ് വർദ്ധനവ്.


7. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്. 

ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 % കൂടി മാർജിനൽ സീറ്റ് വർദ്ധനവ്.

8. കൊല്ലം, എറണാകുളം, തൃശ്ശ്യൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്.

9. മറ്റ് നാല് ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.

10. കഴിഞ്ഞ അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 

4 ബാച്ചുകളും ഉൾപ്പടെ ആകെ 81 താൽക്കാലിക ബാച്ചുകൾ ഈ വർഷം ഉണ്ടാകുന്നതാണ്.


*വൊക്കേഷണൽ ഹയർ സെക്കന്ററി*


പൊതുവിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ആകെ 389 സ്‌കൂളുകളാണ് ഉള്ളത്.ഇത്രയും സ്‌കൂളുകളിലായി 30 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം ലഭീക്കുന്ന ആയിരത്തി ഒരുന്നൂറ്റി ഒന്ന് (1101) ബാച്ചുകൾ ആണ് ഉള്ളത്.

ആകെ മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) സീറ്റുകൾ ആണ് വി.എച്ച്. എസ്.ഇ യിൽ ഉള്ളത്.

ഈ അദ്ധ്യയന വർഷത്തിൽ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ് ) 

പ്രകാരമുള്ള 47 സ്‌കിൽ കോഴ്‌സുകളാണ് 

വി.എച്ച്. എസ്.ഇ സ്‌കൂളുകളിൽ നടപ്പിലാക്കുക. 

ഈ വർഷം നിലവിലുള്ള കോഴ്‌സുകളിലെ കാലികമായ മാറ്റങ്ങൾക്ക് പുറമെ പുതിയ 3 

എൻ.എസ്.ക്യു.എഫ് കോഴ്‌സുകൾ കൂടി 

വി.എച്ച്. എസ്.ഇ യിൽ ലഭ്യമാക്കുന്നതാണ്.

അവ ഇനി പറയുന്നവയാണ് 

1. ലാബ് ടെക്‌നീഷ്യൻ - റിസർച്ച് & ക്വാളിറ്റി 

കണ്ട്രോൾ 

2. ഹാന്റ് ഹെൽഡ് ഡിവൈസ് ടെക്‌നീഷ്യൻ 

3. കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് -മീറ്റ് & ഗ്രീറ്റ് 

എന്നിവയാണവ. 

ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ  ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ ഏകജാലക പോർട്ടൽ വഴി 

ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. (www.admission.dge@kerala.gov.in)

Tuesday, May 17, 2022

സ്കൂൾ വാഹനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

  തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളില്‍ ''ON SCHOOL DUTY'' എന്ന ബോർഡ് വയ്ക്കണം. സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും വാഹനത്തില്‍ സ്ഥാപിക്കണം. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്. ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാൻറും ഐഡൻറിറ്റി കാർഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിലെ ഡ്രൈവർ കാക്കി കളർ യൂണിഫോം ധരിക്കണം. സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരല്ലന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം. സ്കൂൾ തുറക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യന്ത്രക്ഷമത ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളില്‍ ഹാജരാക്കി പരിശോധന സ്റ്റിക്കർ പതിക്കേണ്ടതാണ്. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ വേണം. അവര്‍ കുട്ടികളെ  സുരക്ഷിതമായി ബസിൽ കയറാനും ഇറങ്ങാനും സഹായിക്കണം. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുവാൻ കുട്ടികളെ അനുവദിക്കരുത്. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കേണ്ടതും മോട്ടോർ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം. ഡോറുകൾക്ക് ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം. സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്കൂൾ വാഹനത്തിലും സൂക്ഷിക്കണം. സ്കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള Convex cross view Mirror ഉം വാഹനത്തിനകത്ത് കുട്ടികളെ പൂർണമായി ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള parabolic റിയർവ്യൂ മിററും ഉണ്ടായിരിക്കണം. വാഹനത്തിനകത്ത് Fire extinguisher ഏവർക്കും കാണാവുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കണം, കൂളിംഗ് ഫിലിം / കർട്ടൻ എന്നിവ പാടില്ല. Emergency exit സംവിധാനം ഉണ്ടായിരിക്കണം. ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/അനദ്ധ്യാപകനെയൊ റൂട്ട് ഓഫീസർ ആയി നിയോഗിക്കേണ്ടതാണ്. സ്കൂളിൻറെ പേരും ഫോൺ നമ്പറും വാഹനത്തിൻറെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. വാഹനത്തിൻറെ പുറകിൽ ചൈൽഡ് ലൈൻ (1098) പോലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101), മുതലായ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം. സ്കൂൾ വാഹനത്തിലെ ഡ്രൈവിംഗ് രീതികൾ കുട്ടികളെ സ്വാധീനിക്കുന്നതിനാൽ മാതൃകാപരമായി വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം. അടുത്ത അധ്യയന വർഷം അപകടരഹിതമാക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി ആന്റണി രാജു അഭ്യർത്ഥിച്ചു.

Monday, March 14, 2022

എൽ. എസ്. എസ് യു. എസ്. എസ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

 


- ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ  www.pareekshabhavan.kerala.gov.in

 ൽ ലഭ്യമാണ്

Tuesday, February 15, 2022

കെ-ടെറ്റ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 19.02.2022 വരെ നീട്ടി

 2022 ഫെബ്രുവരി മാസത്തിലെ കെ-ടെറ്റ് വിജ്ഞാപനപ്രകാരം പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 19.02.2022 വരെ നീട്ടി യതായി അറിയിക്കുന്നു.

DOWNLOAD NOTIFICATION











Saturday, February 12, 2022

മുഴുവൻ സമയം സ്‌കൂൾ പ്രവർത്തിക്കുന്നതിനു മുന്നോടിയായുള്ള മാർഗ്ഗരേഖ


സൂചന (1) - ഡിസാസ്റ്റർ മാനേജ്‌മെന്റ് ഉത്തരവ് നമ്പർ 109/2022/ഡി.എം.ഡി. തീയതി 4/2/2022 പ്രകാരം

സൂചന (2) - സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള  മാർഗ്ഗരേഖ ഉത്തരവ് നമ്പർ 4485/2021/പൊ.വി.വ. തീയതി : 8/10/2021 പ്രകാരം

സൂചന (3) - എസ്.സി.ഇ.ആർ.ടി. പ്രസിദ്ധീകരിച്ച അക്കാദമിക മാർഗ്ഗരേഖ



· പ്രീ പ്രൈമറി  ക്ലാസുകളും, 1 മുതൽ9 വരെയുളള ക്ലാസുകളും 2022 ഫെബ്രുവരി 14 മുതൽ ഓഫ്‌ലൈനായി ആരംഭിക്കുന്നതിന് സർക്കാർ  ഉത്തരവായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗ നിർദേശങ്ങൾ നൽകുന്നു.


 മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ വന്ന് അദ്ധ്യയനം നടത്തുന്നത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.




1 മുതൽ 9 വരെയുള്ള ക്ലാസ്സുകളെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി 14 മുതൽ രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ നിലവിലുള്ളതുപോലെ ക്ലാസ്സുകൾ  തുടരാവുന്നതാണ്.


10, 11, 12 ക്ലാസുകൾ ഇപ്പോൾ തുടരുന്നതുപോലെ ഫെബ്രുവരി 19 വരെ തുടരാവുന്നതാണ്.


 ഫെബ്രുവരി 21 മുതൽ 1 മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി സാധാരണ നിലയിൽ തന്നെ ക്ലാസുകൾ എടുക്കാവുന്ന രീതിയിൽ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.


ഫെബ്രുവരി 21 മുതൽ സ്‌കൂൾ സമയം രാവിലെ മുതൽ വൈകുന്നേരം വരെ അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്രമീകരിക്കേണ്ടതാണ്.


10, 12 ക്ലാസുകളിലെ  പാഠഭാഗങ്ങൾ  ഫെബ്രുവരി  28 ന്  അകം  പൂർത്തീകരിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തേണ്ടതും തുടർന്ന് റിവിഷൻ പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ടതുമാണ്.


ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതുഅവധി ദിവസങ്ങൾ ഒഴികെയുളള എല്ലാ  ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.


 എല്ലാ  ശനിയാഴ്ചകളിലും  സ്‌കൂൾതല  എസ്.ആർ.ജി ചേർന്ന്  പാഠഭാഗങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് ചർച്ച ചെയ്യുകയും  കുട്ടികളുടെ  പഠനനേട്ടം  ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതുമാണ്.


എസ്.എസ്.എൽ.സി   പരീക്ഷയുമായി   ബന്ധപ്പെട്ട്  ഓരോ  അധ്യാപകനും  ഓരോ     വിഷയത്തിന്റെയും പ്ലാൻ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രധാനധ്യാപകർ മുഖാന്തിരം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് എല്ലാ ശനിയാഴ്ചയും നൽകേണ്ടതാണ്. ക്രോഡീകരിച്ച റിപ്പോർട്ട്  വിദ്യാഭ്യാസ ഉപഡയറക്ടർമാർ  പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എല്ലാ തിങ്കളാഴ്ചയും നൽകേണ്ടതാണ്.


പ്ലസ്ടു പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാൻ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോർട്ട് പ്രിൻസിപ്പൽമാർ മുഖാന്തിരം ബന്ധപ്പെട്ട റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് എല്ലാ ശനിയാഴ്ചയും നൽകേണ്ടതാണ്. ക്രോഡീകരിച്ച റിപ്പോർട്ട്  റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എല്ലാ തിങ്കളാഴ്ചയും നൽകേണ്ടതാണ്.


എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി മോഡൽ പരീക്ഷയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ   പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ട പഠനപിന്തുണാ പ്രവർത്തനങ്ങൾ അതത് സ്‌കൂൾ തലത്തിൽ ആവിഷ്‌കരിച്ച്  നടപ്പിലാക്കേണ്ടതാണ്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രതേ്യക കർമ്മപദ്ധതി അതത് സ്‌കൂൾ തലത്തിൽ തയ്യാറാക്കി പ്രസ്തുത കുട്ടികളെയും പരീക്ഷയ്ക്ക് തയ്യാറാക്കേണ്ടതാണ്.


കുട്ടികൾക്ക് ആത്മവിശ്വാസം  നൽകുന്നതും,  മാനസിക  സംഘർഷം  ലഘൂകരിക്കാൻ  ഉതകുന്നതുമായ   പ്രവർത്തനങ്ങൾ  സ്‌കൂൾ   തലത്തിൽ   ആവിഷ്‌കരിച്ച്  നടപ്പിലാക്കേണ്ടതാണ്.


 പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ കുട്ടികൾക്ക് നൽകേണ്ടതാണ്. ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ ഇതു സംബന്ധിച്ച് പ്രതേ്യകമായ ഊന്നൽ നൽകേണ്ടതാണ്.


ഡിജിറ്റൽ/ഓൺലൈൻ ക്ലാസുകളും പിന്തുണാ പ്രവർത്തനങ്ങളും ആവശ്യാനുസരണം തുടരുന്നതാണ്. അതിനനുസൃതമായ സമ്മിശ്രരീതിശാസ്ത്രം അധ്യാപകർ അവലംബിക്കേണ്ടതാണ്.  എസ്.സി.ഇ.ആർ.ടി യും ഡയറ്റുകളും അനുബന്ധമായ പിന്തുണ ഇക്കാര്യത്തിൽ നൽകുന്നതാണ്.


 ക്രഷ്, കിന്റർഗാർട്ടൻ എന്നിവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ പ്രീ-പ്രൈമറി ക്ലാസുകൾ ഫെബ്രുവരി 14 മുതൽ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.


പ്രീ പ്രൈമറി വിഭാഗം തിങ്കൾ മുതൽ വെളളി വരെ ദിവസങ്ങളിൽ ഓരോ ദിവസവും 50% കുട്ടികളെ ഉൾപ്പെടുത്തി ക്ലാസുകൾ എടുക്കാവുന്നതാണ്.


 വിദ്യാഭ്യാസ ഓഫീസർമാർ പരമാവധി സ്‌കൂളുകൾ സന്ദർശിച്ച് പാഠഭാഗങ്ങളുടെ      വിനിമയം സംബന്ധിച്ചും, പൊതുപരീക്ഷകളുടെ മുന്നൊരുക്കം സംബന്ധിച്ചും വിലയിരുത്തലുകൾ നടത്തേണ്ടതും ആയത് സംബന്ധിച്ച റിപ്പോർട്ട് ഡി.ഡി.ഇ/ആർ.ഡി.ഡി/ എ.ഡി തലത്തിൽ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറേണ്ടതാണ്.


എസ്.എസ്.എൽ.സി., ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി മോഡൽ പരീക്ഷകൾ 2022 മാർച്ച് 16 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കുന്നതാണ്.


1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുന്നതാണ്.

സംസ്ഥാനത്തെ സ്കൂളുകള്‍ വീണ്ടും തുറക്കുമ്ബോള്‍ (School Reopening) ക്ലാസുകള്‍ ഉച്ച വരെ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.

DOWNLOAD PDF CIRCULAR

സ്കൂള്‍ തുറക്കല്‍ മുന്‍ മാര്‍ഗ്ഗരേഖ പ്രകാരമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ക്ലാസ് സമയം വൈകുന്നേരം വരെ നീട്ടുന്ന കാര്യം കൂടുതല്‍ ആലോചനകള്‍ക്ക് ശേഷമേ തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും മുഴുവന്‍ കുട്ടികളെയും സ്കൂളില്‍ എത്തിക്കുക. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ യോഗം ഉണ്ട്.

പതിനാലാം തീയതി ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകള്‍ തുടങ്ങും. നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്‌, പകുതി കുട്ടികള്‍ മാത്രം ക്ലാസില്‍ നേരിട്ടെത്തുന്ന തരത്തില്‍ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക. ഓണ്‍ലൈന്‍ ക്‌ളാസുകള്‍ ശക്തിപ്പെടുത്താനും കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ആണ് ആലോചനയെന്നും മന്ത്രി അറിയിച്ചു.



Friday, January 14, 2022

കോവിഡ് വ്യാപനം; സംസ്ഥാനത്ത് സ്കൂളുകൾ അടക്കും

 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും അടക്കും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെയാണ് അടച്ചിടുക.

ഈ മാസം 21 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. മറ്റ് മേഖലകളിലും നിയന്ത്രണങ്ങൾ ഉണ്ടായേക്കും. 10,11,12 ക്ലാസുകൾ മാത്രമായിരിക്കും ക്ലാസുകൾ നടക്കുക. ഓൺലൈൻ ക്ലാസുകൾ തുടരും

Sunday, November 28, 2021

തിരുവനന്തപുരം, കൊല്ലം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് (29/11/2021) അവധി

 


ആലപ്പുഴ ജില്ലയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി