Dec 2, 2024

പി.ടി.എ. കളും എസ്.എം.സി. കളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾക്കുമപ്പുറം സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണപരമായ കാര്യങ്ങളിലും ഇടപെട്ട് സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുന്നില്ലെന്ന് ഉറപ്പാക്കണം

 സംസ്ഥാനത്തെ സ്കൂൾ പി.ടി.എ. കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികൾ ചില മേഖലകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. സ്കൂളിലെ പഠന പ്രവർത്തനങ്ങളും സമാധാന അന്തരീക്ഷവും വികസന പ്രവർത്തനങ്ങളും പൊതു ജനങ്ങളും രക്ഷകർത്തൃ സമൂഹവും ആഗ്രഹിക്കുന്ന രൂപത്തിൽ നടപ്പിലാക്കാൻ സ്കൂൾ അധികൃതരെയും വിദ്യാർത്ഥികളെയും സഹായിക്കുക എന്നതാണ് സ്കൂൾ പി.ടി.എ. കളുടെയും എസ്.എം.സി. കളുടെയും മുഖ്യമായ കടമയും ലക്ഷ്യവും


അധ്യാപക രക്ഷകർത്തൃ സമിതിയുടെ (പി.ടി.എ.) പ്രവർത്തനം സംബന്ധിച്ച് സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത ഉത്തരവിന് 2007-08 അക്കാദമിക വർഷം മുതൽ പ്രാബല്യമുണ്ട്. ഈ ഉത്തരവിൽ സ്കൂൾ പി.ടി.എ.കൾക്ക് ഇനി പറയുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തുന്നതിന് നിർദ്ദേശിച്ചിരിക്കുന്നത്.


1.    സ്കൂളിലേക്ക് ആവശ്യമായ വിവിധ രജിസ്റ്ററുകൾ ലഭ്യമാക്കുക.


2.    സ്കൂൾ ഓഫീസ് ആവശ്യത്തിനുള്ള സ്റ്റേഷനറി സാധനങ്ങൾ വാങ്ങി നൽകുക.


3.    സ്കൂൾ ഡയറി വിതരണത്തിന് തയ്യാറാക്കുക.


4.    സ്കൂൾ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക.


5.    രാസവസ്തുക്കൾ ഉൾപ്പെടെയുള്ള ലബോറട്ടറി സാധനങ്ങള്‍/ഉപകരണങ്ങൾ എന്നിവ തയ്യാറാക്കുക.


6.    കമ്പ്യൂട്ടർ ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ തയ്യാറാക്കുക.


7.    ആവശ്യത്തിനുള്ള വൈദ്യുതി ഉപകരണങ്ങൾ ലഭ്യമാക്കുക.


8.    സ്പോർട്സ്/കളികൾ എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുക.


9.    പ്രഥമ ശുശ്രൂഷയ്ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുക.


10.  ടോയിലറ്റുകൾ വൃത്തിയാക്കാൻ ആവശ്യമായ പദാർത്ഥങ്ങൾ ലഭ്യമാക്കുക.


11.  ശുദ്ധജല വിതരണത്തിന് ആവശ്യമായ പൈപ്പ്/ടാപ്പ് എന്നിവ സജ്ജീകരിക്കുക.


12.  സ്കൂൾ ആവശ്യത്തിനുള്ള ഫർണിച്ചറുകൾ സംഘടിപ്പിക്കുക.


13.  സ്കൂൾ വാഹനങ്ങളുടെ മെയിന്റനൻസ്/വാഹനം വാങ്ങൽ എന്നിവ.


14.  പത്രം/ആനുകാലികങ്ങൾ എന്നിവ വാങ്ങി നൽകുക.


15.  ഫർണിച്ചർ/ജനൽ/വാതിലുകൾ തുടങ്ങിയവയുടെ റിപ്പയർ സ്കൂളിന്റെ/ക്ലാസ് മുറികളുടെ  ചെറിയതരം അറ്റകുറ്റപ്പണികൾ.


16.  സ്കൂളിന് ആവശ്യമുള്ള ടോയിലറ്റുകൾ/കക്കൂസ്/കുടിവെള്ള സൗകര്യം/കളിസ്ഥലം എന്നിവ നിർമ്മിക്കുക.


17.  കെട്ടിട നിർമ്മാണ ചിലവുകൾ വഹിക്കുക. 


18.  സ്കൂൾ ഉച്ചഭക്ഷണം/പ്രഭാത ഭക്ഷണം എന്നിവയുടെ ഫലപ്രദമായ നടത്തിപ്പ്.


19.  സ്കൂളിൽ നടക്കുന്ന സാംസ്കാരിക പരിപാടികൾ/ സെമിനാറുകൾ/ ചർച്ചകൾ/ പഠനാനുബന്ധ പ്രവർത്ത നങ്ങളായ സ്കൂൾ കലോത്സവം/ശാസ്ത്രമേള/കായികമേള/ സ്കൂൾ പാർലമെന്റ്/കരിയർ ഗൈഡൻസ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സഹായം നൽകുക.


20.  സ്കൂൾ ലൈബ്രറിക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾക്ക് ഓരോ വർഷവും ലഭിക്കുന്ന പി.ടി.എ ഫണ്ടിന്റെ 15 ശതമാനം വിനിയോഗിച്ച് ലൈബ്രറി പുസ്തകങ്ങൾ വാങ്ങി ഉപയോഗപ്പെടുത്തുക എന്നിവയാണ്. 


പി.ടി.എ.കളുടെ കാലാവധി സംബന്ധിച്ച്


സ്കൂൾ പി.ടി.എ. കമ്മിറ്റികളുടെ പ്രസിഡന്റായി ഒരാൾക്ക് തുടരുന്നതിനുള്ള തുടർച്ചയായ കാലാവധി സംബന്ധിച്ച് തർക്കങ്ങൾ ചില സ്കൂളുകളിൽ ഉയർന്നു വരുന്നുണ്ട്. 


സർക്കാർ ഉത്തരവ് പ്രകാരം പി.ടി.എ. പ്രസിഡന്റിന്റെ തുടർച്ചയായ പരമാവധി കാലാവധി മൂന്ന് വർഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.


പി.ടി.എ. അംഗത്വവും – അംഗത്വ ഫീസ് – അനുവദനീയമായ തുക 


സ്കൂളുകളിലെ പി.ടി.എ. അംഗത്വം വർഷംതോറും എല്ലാ രക്ഷിതാക്കളും നിർബന്ധമായും പുതുക്കേണ്ടതും ആയതിന്റെ അംഗത്വ ഫീസിന്റെ പ്രതിശീർഷക നിരക്ക് താഴെ പറയുന്ന പ്രകാരം നിജപ്പെടുത്തിയിരിക്കുന്നതുമാണ്.


·     എൽ പി വിഭാഗം 10 രൂപ 


·     യുപി വിഭാഗം 25 രൂപ 


·     ഹൈസ്കൂൾ വിഭാഗം 50 രൂപ 


·     ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 100 രൂപ എന്ന നിരക്കിലുമാണ്. 


പ്രത്യേക ആവശ്യങ്ങൾക്കുള്ള പിരിവ്


മുൻ വർഷത്തിലെ മൂന്നാം ടേമിലെ പി.ടി.എ. ജനറൽ ബോഡിയോഗം തീരുമാനിക്കുകയാണെങ്കിൽ സ്കൂളിലെ നടപ്പ് അക്കാദമിക വർഷത്തെ പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള അക്കാദമിക ആവശ്യങ്ങൾക്കായി ഇനി പറയുന്ന പരമാവധി നിരക്കിൽ ഓരോ വിഭാഗത്തിലെ വിദ്യാർത്ഥി/ രക്ഷിതാവിൽ നിന്നും ഫണ്ട് ശേഖരിക്കാവുന്നതാണ്.


·     എൽ പി വിഭാഗം 20 രൂപ 


·     യുപി വിഭാഗം 50 രൂപ 


·     ഹൈസ്കൂൾ വിഭാഗം 100 രൂപ 


·     ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 400 രൂപ 


ഓരോ രക്ഷിതാവിനെയും മേൽപ്പറഞ്ഞ തുക കൊടുക്കാൻ നിർബന്ധിക്കുകയോ പ്രസ്തുത തുക കൊടുക്കാത്ത രക്ഷിതാവിന്റെ മകൾ/മകന് സ്കൂൾ പ്രവേശനം നിഷേധിക്കുകയോ ചെയ്യാൻ പാടില്ലാത്തതുമാണ്. അനുവദനീയമായി പിരിച്ചെടുക്കാൻ കഴിയുന്ന തുകകൾ ഇതായിരിക്കെ സ്കൂളുകളിലെ പി.ടി.എ. അംഗത്വ ഫീസ് പ്രത്യേക ആവശ്യങ്ങൾക്കായുള്ള പണപ്പിരിവ് എന്നിവ സംബന്ധിച്ച് വിവിധങ്ങളായ പരാതികൾ രക്ഷിതാക്കളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. 


ഈ വിഷയങ്ങളെ സംബന്ധിച്ച് പി.ടി.എ. കൾക്കോ വ്യക്തികൾക്കോ ആക്ഷേപം ഉള്ള പക്ഷം പരാതി ലഭ്യമാക്കിയാൽ വകുപ്പിലെ ചുമതലയുള്ള ഉദ്യോഗസ്ഥർ ആവശ്യമായ പരിശോധനകൾ നടത്തുമെന്നിരിക്കെ ചില സ്കൂളുകളിലെങ്കിലും പി.ടി.എ. കളും എസ്.എം.സി. കളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾക്കുമപ്പുറം സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണപരമായ കാര്യങ്ങളിലും ഇടപെട്ട് സ്കൂളുകളുടെ സുഗമമായ  പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ ഈ കാര്യങ്ങളിൽ ആവശ്യമായ ആലോചന നടത്തി തുടർ തീരുമാനങ്ങൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്.



Jun 28, 2023

Whatsapp Notification Service enabled

School App Community വഴി അറിയിപ്പുകൾ നേരിട്ട് Whatsapp ൽ ലഭിക്കാൻ താഴെയുള്ള കമ്മ്യൂണിറ്റി യിൽ ജോയിൻ ചെയ്യുക 


9947719822 എന്ന Whatsapp നമ്പറിൽ message അയക്കുക


 https://chat.whatsapp.com/F6IiXi6cFqSH9upToqtBq1

Jul 7, 2022

ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനം-പ്രൊസ്പെക്റ്റസ് പുറത്തിറങ്ങി

 

DOWNLOAD

*അപേക്ഷ സമർപ്പണം*


2022 ജൂലൈ 11 മുതൽ പ്ലസ് വൺ  പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി     സമർപ്പിക്കാവുന്നതാണ്. 

അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി  ജൂലൈ 18. 


ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്‌മെന്റ് തീയതി :  ജൂലൈ 21


ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂലൈ 27


മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി : 2022 ആഗസ്ത്  11


· മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം  സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2022 ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.

· മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.


സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ

സ്‌പോർട്ട്‌സ് ക്വാട്ട അഡ്മിഷൻ രണ്ട് ഘട്ടങ്ങൾ ഉൾപ്പെട്ട ഓൺലൈൻ  സംവിധാനത്തിൽ ആയിരിക്കും. 

ആദ്യ ഘട്ടത്തിൽ സ്‌പോർട്ട്‌സിൽ മികവ് നേടിയ വിദ്യാർഥികൾ അവരുടെ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിലുകളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 

രണ്ടാം ഘട്ടത്തിൽ പ്ലസ് വൺ അഡ്മിഷന് യോഗ്യത നേടുന്ന വിദ്യാർഥികൾ സ്‌പോർട്ട്‌സ് ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി അവരുടെ അപേക്ഷ സ്‌കൂൾ/കോഴ്‌സുകൾ ഓപ്ഷനായി  ഉൾക്കൊള്ളിച്ച് ഓൺലൈനായി സമർപ്പിക്കണം. 

ഏകജാലക സംവിധാനത്തിന്റെ മുഖ്യ ഘട്ടത്തോടൊപ്പം രണ്ട് അലോട്ട്‌മെന്റുകളും ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനായി ഉണ്ടായിരിക്കുന്നതാണ്.


*പ്രധാന മാറ്റങ്ങൾ*

അക്കാദമിക് മികവിന് മുൻ തൂക്കം നൽകുന്നതിനായി ചുവടെ പറയുന്ന മാറ്റങ്ങൾ ഈ വർഷം നടപ്പിലാക്കുന്നു.

1. നീന്തൽ അറിവിനു നൽകി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി.

2. ഓരോ വിദ്യാർത്ഥിയുടേയും W G P A 

(Weighted Grade Point Average) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്. 

W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം അക്കാദമിക മികവിന്റേയും രണ്ടാം ഭാഗം ബോണസ് പോയിന്റിന്റേയും ആണ്. 

W G P A  ഏഴ്  ദശാംശസ്ഥാനത്തിന് കൃത്യമായി കണക്കിലെടുത്തതിനു ശേഷവും ഒന്നിലേറെ അപേക്ഷകർക്ക് തുല്യ പോയിന്റ് ലഭിച്ചാൽ  W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം കൂടുതൽ ഉള്ളത് റാങ്കിൽ മുന്നിൽ ഉൾപ്പെടുത്തുന്ന മാറ്റം നടപ്പിലാക്കി.

3. ടൈ ബ്രേക്കിങിന് - എൻ.റ്റി.എസ്.ഇ. (നാഷണൽ ടാലന്റ് സെർച് പരീക്ഷയിലെ) മികവിനൊപ്പം ഈ വർഷം പുതിയതായി 

എൻ.എം.എം.എസ്.എസ്.ഇ (നാഷണൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ ),

യു.എസ്.എസ്., എൽ.എസ്.എസ്. പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി.

4. മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചു.

5. മുഖ്യഘട്ടം മുതൽ തന്നെ മാർജിനൽ സീറ്റ് വർദ്ധനവും താൽക്കാലിക അധിക ബാച്ചുകളും അനുവദിച്ച് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതാണ്.

6. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 % മാർജിനൽ സീറ്റ് വർദ്ധനവ്.


7. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്. 

ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 % കൂടി മാർജിനൽ സീറ്റ് വർദ്ധനവ്.

8. കൊല്ലം, എറണാകുളം, തൃശ്ശ്യൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്.

9. മറ്റ് നാല് ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.

10. കഴിഞ്ഞ അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 

4 ബാച്ചുകളും ഉൾപ്പടെ ആകെ 81 താൽക്കാലിക ബാച്ചുകൾ ഈ വർഷം ഉണ്ടാകുന്നതാണ്.


*വൊക്കേഷണൽ ഹയർ സെക്കന്ററി*


പൊതുവിദ്യാഭ്യാസ വകുപ്പിലെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ആകെ 389 സ്‌കൂളുകളാണ് ഉള്ളത്.ഇത്രയും സ്‌കൂളുകളിലായി 30 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം ലഭീക്കുന്ന ആയിരത്തി ഒരുന്നൂറ്റി ഒന്ന് (1101) ബാച്ചുകൾ ആണ് ഉള്ളത്.

ആകെ മുപ്പത്തിമൂവായിരത്തി മുപ്പത് (33,030) സീറ്റുകൾ ആണ് വി.എച്ച്. എസ്.ഇ യിൽ ഉള്ളത്.

ഈ അദ്ധ്യയന വർഷത്തിൽ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ് ) 

പ്രകാരമുള്ള 47 സ്‌കിൽ കോഴ്‌സുകളാണ് 

വി.എച്ച്. എസ്.ഇ സ്‌കൂളുകളിൽ നടപ്പിലാക്കുക. 

ഈ വർഷം നിലവിലുള്ള കോഴ്‌സുകളിലെ കാലികമായ മാറ്റങ്ങൾക്ക് പുറമെ പുതിയ 3 

എൻ.എസ്.ക്യു.എഫ് കോഴ്‌സുകൾ കൂടി 

വി.എച്ച്. എസ്.ഇ യിൽ ലഭ്യമാക്കുന്നതാണ്.

അവ ഇനി പറയുന്നവയാണ് 

1. ലാബ് ടെക്‌നീഷ്യൻ - റിസർച്ച് & ക്വാളിറ്റി 

കണ്ട്രോൾ 

2. ഹാന്റ് ഹെൽഡ് ഡിവൈസ് ടെക്‌നീഷ്യൻ 

3. കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് -മീറ്റ് & ഗ്രീറ്റ് 

എന്നിവയാണവ. 

ഒന്നാം വർഷ ഹയർ സെക്കണ്ടറി /വൊക്കേഷണൽ  ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകൾ ഏകജാലക പോർട്ടൽ വഴി 

ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. (www.admission.dge@kerala.gov.in)

May 17, 2022

സ്കൂൾ വാഹനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

  തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളില്‍ ''ON SCHOOL DUTY'' എന്ന ബോർഡ് വയ്ക്കണം. സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും വാഹനത്തില്‍ സ്ഥാപിക്കണം. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്. ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാൻറും ഐഡൻറിറ്റി കാർഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിലെ ഡ്രൈവർ കാക്കി കളർ യൂണിഫോം ധരിക്കണം. സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരല്ലന്നും വെറ്റില മുറുക്ക്, മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരാണെന്നും ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം. സ്കൂൾ തുറക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യന്ത്രക്ഷമത ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളില്‍ ഹാജരാക്കി പരിശോധന സ്റ്റിക്കർ പതിക്കേണ്ടതാണ്. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ വേണം. അവര്‍ കുട്ടികളെ  സുരക്ഷിതമായി ബസിൽ കയറാനും ഇറങ്ങാനും സഹായിക്കണം. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുവാൻ കുട്ടികളെ അനുവദിക്കരുത്. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കേണ്ടതും മോട്ടോർ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം. ഡോറുകൾക്ക് ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും സൈഡ് ബാരിയറുകളും ഉണ്ടായിരിക്കണം. സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്കൂൾ വാഹനത്തിലും സൂക്ഷിക്കണം. സ്കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള Convex cross view Mirror ഉം വാഹനത്തിനകത്ത് കുട്ടികളെ പൂർണമായി ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള parabolic റിയർവ്യൂ മിററും ഉണ്ടായിരിക്കണം. വാഹനത്തിനകത്ത് Fire extinguisher ഏവർക്കും കാണാവുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കണം, കൂളിംഗ് ഫിലിം / കർട്ടൻ എന്നിവ പാടില്ല. Emergency exit സംവിധാനം ഉണ്ടായിരിക്കണം. ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/അനദ്ധ്യാപകനെയൊ റൂട്ട് ഓഫീസർ ആയി നിയോഗിക്കേണ്ടതാണ്. സ്കൂളിൻറെ പേരും ഫോൺ നമ്പറും വാഹനത്തിൻറെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം. വാഹനത്തിൻറെ പുറകിൽ ചൈൽഡ് ലൈൻ (1098) പോലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101), മുതലായ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കണം. സ്കൂൾ വാഹനത്തിലെ ഡ്രൈവിംഗ് രീതികൾ കുട്ടികളെ സ്വാധീനിക്കുന്നതിനാൽ മാതൃകാപരമായി വാഹനങ്ങൾ ഓടിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം. അടുത്ത അധ്യയന വർഷം അപകടരഹിതമാക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി ആന്റണി രാജു അഭ്യർത്ഥിച്ചു.