ഒന്നുമുതൽ 9 വരെ ക്ലാസുകൾ വൈകുന്നേരം വരെ പ്രവർത്തിക്കുന്നതിൽ യാതൊരു തടസ്സവും ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 14മുതൽ ഒന്നാം ക്ലാസ് മുതലുള്ള സ്കൂൾ പഠനം പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ പ്രത്യേക മാർഗരേഖ തയ്യാറാക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ക്ലാസുകൾ നടക്കും. പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു. ക്ലാസുകളിലെ അധ്യയനം രാവിലെ മുതൽ വൈകിട്ട് വരെ ആക്കാനാണ് ആലോചിക്കുന്നത്. പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കുന്നതിനാണ് ഊന്നൽ കൊടുക്കുന്നത്. അതിനായാണ് അധ്യയന സമയം നീട്ടുന്നത്.