തിരുവനന്തപുരം: സ്കൂൾ പ്രവൃത്തി സമയം വൈകുന്നേരം വരെയാക്കാൻ ധാരണ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് സ്കൂൾ സമയം പഴയതു പോലെയാക്കാൻ ധാരണയായത്. പാഠഭാഗങ്ങൾ തീർക്കാൻ വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്ന അദ്ധ്യാപകരുടെ പരാതിയെതുടർന്നാണ് സ്കൂൾ സമയം നീട്ടാൻ തീരുമാനമായത്. ഇതിന്മേലുള്ള അന്തിമ തീരുമാനം മുഖ്യമന്ത്രിയായിരിക്കും കൈക്കൊള്ളുക.
90 ശതമാനത്തിലധികം കുട്ടികളും സ്കൂളിലേക്ക് മടങ്ങിയെത്താൻ തുടങ്ങിയെന്നും കൊവിഡിനെ സംബന്ധിച്ച രക്ഷിതാക്കളുടെ ആശങ്കകൾ കുറഞ്ഞു വരികയാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
സ്കൂൾ പ്രവൃത്തി സമയം വൈകുന്നേരം വരെ ആക്കുന്നതോടെ ഓൺലൈൻ ക്ളാസുകളും നിർത്താൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഓരോ ക്ളാസിലേയും കുട്ടികളെ രണ്ട് ബച്ചുകളായി തിരിച്ച് ആഴ്ചയിൽ മൂന്ന് ദിവസം വീതമായിരിക്കും ക്ളാസുകൾ. സ്കൂൾ തുറന്നതിന് ശേഷം കുട്ടികളിലെ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ കണക്കുകളും തീരുമാനം എടുക്കുന്നതിൽ നിർണായകമായി.