ഒക്ടോബര്‍ രണ്ടിന് ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ തയ്യാറാക്കി പ്രോസസ് ചെയ്യുന്ന സ്പാര്‍ക്ക് സംവിധാനം പ്രൊപ്രൈറ്ററി സോഫ്ട് വെയറില്‍ നിന്നും സ്വതന്ത്ര സോഫ്ട് വെയറിലേയ്ക്ക് മാറ്റിക്കൊണ്ടിരി ക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശമ്പള ബില്ലുകള്‍ സമര്‍പ്പിക്കുന്ന മാസത്തിലെ അവസാനത്തെ രണ്ടു ദിവസങ്ങളും അടുത്തമാസം ആദ്യത്തെ രണ്ടു ദിവസങ്ങളും അവധി ആണെന്നതിനാല്‍ ശമ്പളം ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുമെന്ന വ്യാപകമായ പ്രചരണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
അവധി ദിവസങ്ങളിലും സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്ത് ബില്ലുകള്‍ തയ്യാറാക്കുന്നതിനും ഇസബ്മിറ്റ് ചെയ്യുന്നതിനും യാതൊരു തടസ്സവും ഇല്ലായെന്നതാണ് വസ്തുത. ശമ്പളവിതരണത്തില്‍ തടസ്സമുണ്ടാകുമെന്ന പ്രചരണം യാതൊരു അടിസ്ഥാനവുമില്ലാത്ത ഒന്നാണ്.
ജീവനക്കാര്‍ പ്രകടിപ്പിക്കുന്ന ആശങ്കകള്‍ പരിഗണിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സ്പാര്‍ക്ക്, എന്‍.ഐ.സി സാങ്കേതിക വിദഗ്ദ്ധര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഒക്ടോബര്‍ രണ്ടാം തീയതി സംസ്ഥാനത്തെ ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ട്രഷറികള്‍ക്ക് ഒക്ടോബര്‍ 2 പ്രവൃത്തി ദിനമായിരിക്കും. ശമ്പളം മാറിയെടുക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഡി.ഡി.ഒ.മാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം

