SCROLL DOWN TO SEE MORE


Wednesday, March 25, 2020

ശമ്പള ബില്ലുകൾ ഇ-സബ്മിറ്റ് ചെയ്‌താൽ മതിയാകും ജില്ലാ ട്രഷറികളിൽ ബില്ലുകൾ പാസ്സാക്കും


ധനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്
------------------------------------------

കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും കോവിഡ് മൂലമുള്ള അവധി ദിനങ്ങളിലും ഡ്യൂട്ടി ആയി കണക്കാക്കി ശംബളം നൽകാൻ ധനവകുപ്പ് തീരുമാനം. ഇതടക്കം ഈ മാസത്തെ ശമ്പളവിതരണത്തിനുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. ഈ മാസത്തെ ശമ്പള ബില്ലുകള്‍ ഇലക്ട്രോണിക് രൂപത്തില്‍ മാത്രം  സമര്‍പ്പിച്ചാല്‍ മതിയാകും.  എല്ലാ ശമ്പള-പെൻഷൻ ബില്ലുകളും 31/03/2020 മുമ്പായി പാസാക്കാൻ ട്രഷറി ഓഫീസർമാർക്ക് നിർദ്ദേശം നൽകി.  ഈ മാസത്തെ ശമ്പളബില്ലിൽ എയിഡഡ് സ്ഥാപനങ്ങൾക്ക് കൌണ്ടർ സൈൻ വേണ്ട.

കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ സർക്കാരിന്റെ അടിയന്തിര പേമെന്റുകൾക്കും വ്യക്തികളുടെ ഒഴിച്ചുകൂടാനാവാത്ത പേമെന്റുകൾക്കും മാത്രമായി മൂന്നിലൊന്ന് ജീവനക്കാരെ വിനിയോഗിച്ച് എല്ലാ ട്രഷറികളും ഭാഗികമായി  പ്രവർത്തിപ്പിക്കും.  സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള സുരക്ഷാ മുൻകരുതലുകളും പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഉചിതമായ രീതിയിൽ ജീവനക്കാരെ താൽക്കാലികമായി ജില്ലാ ട്രഷറി പരിധിക്കുള്ളിൽ പുനർവിന്യസിക്കാൻ ജില്ലാ ട്രഷറി ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കാസർഗോഡ് ജില്ലയിൽ നിലവിലുള്ള കർശന നിയന്ത്രണത്തിന്റെ വെളിച്ചത്തിൽ ജില്ലാ ട്രഷറി ഒഴികെയുള്ള ട്രഷറിയുടെ പ്രവർത്തനം ഈ മാസം അവസാനം വരെ നിറുത്തിവെയ്ക്കും. മറ്റ് ട്രഷറികളിൽ ഉൾപ്പെടെയുള്ള സർക്കാരിന്റെ അടിയന്തിര പേയ്‌മെന്റുകൾ ജില്ലാ ട്രഷറി മുഖേന നിർവ്വഹിക്കും.