SCROLL DOWN TO SEE MORE


Tuesday, December 4, 2018

കലോൽസവം ഹൈടെക്കാക്കി കൈറ്റ്

  ആലപ്പുഴയിൽ നടക്കുന്ന 59 ാമത് സംസ്ഥാന സ്‌കൂൾ കലോൽസവം ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി.
രജിസ്‌ട്രേഷൻ, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് പ്രിന്റിംഗ് എന്നിവ പൂർണ്ണമായും ഓൺലൈനാക്കി. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ, സ്‌റ്റേജുകളിലെ വിവിധ ഇനങ്ങൾ, ഓരോ സ്‌റ്റേജിലേയും മത്സരങ്ങൾ യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാൾഷീറ്റ്, സ്‌കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയ്യാറാക്കുന്നത് പോർട്ടൽ വഴിയാണ്. ഹയർ അപ്പീൽ നടപടിക്രമങ്ങളും ഇത്തവണ പോർട്ടൽവഴിയായതിനാൽ പെട്ടെന്ന് ഫലപ്രഖ്യാപനം നടത്താനാവും. വെബ് പോർട്ടൽ വഴി മത്സര ഫലങ്ങൾ പൊതുജനങ്ങൾക്കുൾപ്പെടെ തത്സമയം അറിയാം.
  പോർട്ടലിലെ വിവരങ്ങൾ വേഗം ലഭിക്കുന്നതിന് 'പൂമരം' മൊബൈൽ ആപും കൈറ്റ് ഒരുക്കിയിട്ടുണ്ട്. മത്സരഫലങ്ങൾ ആപ്പിൽ ലഭിക്കും. ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് 'KITE poomaram' എന്ന് നൽകി ആപ് ഡൗൺലോഡ് ചെയ്യാം. കലോൽസവം ലൈവിനു പുറമെ വിക്ടേഴ്‌സ് ചാനലും പൂമരം വഴി തത്‌സമയം കാണാം.
കലോൽസവത്തിലെ വിവിധ രചനാ മത്സരങ്ങൾ (കഥ, കവിത, ചിത്രരചന) ഫലപ്രഖ്യാപനത്തിനുശേഷം   www.schoolwiki.in ൽ അപ്‌ലോഡ് ചെയ്യും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവൻ ഭാഷകളിലെ മത്സര ഇനങ്ങളും സ്‌കൂൾ വിക്കിയിൽ കൈറ്റ് നൽകും. ഇതിനായി 'ലിറ്റിൽ കൈറ്റ്‌സ്' തയ്യാറായി.

 മത്സരങ്ങളും ഫലങ്ങളും അറിയിക്കുന്നതോടൊപ്പം വിവിധ വേദികളിലെ മത്സരങ്ങൾ ഒരേ സമയം കാണാൻ കഴിയുന്ന തരത്തിൽ മൾട്ടികാസ്റ്റിംഗ് സംവിധാനം കൈറ്റ് വിക്ടേഴ്‌സിൽ ഏർപ്പെടുത്തിയിട്ടുണ്ട്. www.victers.itschool.gov.in വഴിയും കലോത്സവം തത്സമയം കാണാം.
കലോത്സവം തത്സമയം സ്‌കൂളുകളിൽ കാണുന്നതിന് അവസരമൊരുക്കുമെന്ന് കൈറ്റ് വൈസ് ചെയർമാൻ ആന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർസാദത്ത് അറിയിച്ചു.