May 6, 2017

വി.എച്ച്.എസ്.ഇ പ്രവേശനം: മെയ് എട്ട് മുതല്‍ അപേക്ഷിക്കാം


2017-18-ലെ ഒന്നാംവര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ മെയ് എട്ട് മുതല്‍ www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപ്ലൈ ഓണ്‍ലൈന്‍ ലിങ്കിലൂടെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ നല്‍കി അതിന്റെ പ്രിന്റ് ഔട്ടും അപേക്ഷാഫോമിന്റെ വിലയായ ഇരുപത്തിയഞ്ച് രൂപയും അടുത്തുള്ള ഏതെങ്കിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിച്ച് അക്‌നോളജ്‌മെന്റ് കൈപ്പറ്റാം. അച്ചടിച്ച അപേക്ഷാഫോറവും പ്രോസ്‌പെക്ടസും എല്ലാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും മെയ് 12 മുതല്‍ ഇരുപത്തിയഞ്ച് രൂപ നല്‍കി വാങ്ങാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അച്ചടിച്ച അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 22ന് മുമ്പ് ഏതെങ്കിലും ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിക്കണം. ഒറ്റ അപേക്ഷാഫോറത്തില്‍ തന്നെ എല്ലാ ജില്ലയിലെ സ്‌കൂളുകളിലേക്കും അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരിഷ്‌ക്കരിച്ച 34 വൊക്കേഷണല്‍ കോഴ്‌സിലെ 1097 ബാച്ചുകളിലേക്കാണ് ഏകജാലക സംവിധാന പ്രകാരം പ്രവേശനം നടക്കുന്നത്. അപേക്ഷകള്‍ പൂരിപ്പിക്കുന്നതിനുള്ള സഹായം നല്‍കുന്നതിനും കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും എല്ലാ സ്‌കൂളുകളിലും ഹെല്‍പ് ഡസ്‌ക്കുകളുടെ പ്രവര്‍ത്തനം മെയ് എട്ട് മുതല്‍ ആരംഭിക്കും.