കേരളത്തിലെ എൽ.പി.എസ്.ടി/യു.പി.എസ്.ടി (മലയാളം മീഡിയം) തസ്തികകളിൽ ഭാഷാപ്രാവീണ്യം ഉറപ്പാക്കാൻ പുതിയ വ്യവസ്ഥകളുമായി സർക്കാർ. സെക്കൻഡറി തലത്തിൽ മലയാളം ഒരു വിഷയമായി പഠിക്കാത്തവർക്ക് നിയമനം ലഭിക്കാൻ, കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന 'Language Test in Malayalam' എന്ന പരീക്ഷയിൽ 40% മാർക്കോടെ വിജയിക്കണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
മുമ്പ്, 2018-ലെ ഒരു ഉത്തരവ് പ്രകാരം സെക്കൻഡറി തലത്തിൽ മലയാളം പഠിക്കാത്തവർക്കും ബിരുദ/ബിരുദാനന്തര/അധ്യാപക ട്രെയിനിങ് തലങ്ങളിൽ മലയാളം പഠിച്ചിട്ടുണ്ടെങ്കിൽ എൽ.പി.എസ്.ടി/യു.പി.എസ്.ടി നിയമനത്തിന് അർഹതയുണ്ടായിരുന്നു. എന്നാൽ, പിന്നീട് ഈ ഉത്തരവ് റദ്ദാക്കി, പ്രൈമറി തലത്തിൽ പ്രാദേശിക ഭാഷയായ മലയാളം എസ്.എസ്.എൽ.സിക്ക് പാർട്ട് I, II അല്ലെങ്കിൽ പഠനമാധ്യമമായി പഠിച്ചിട്ടുള്ളവരെ മാത്രം നിയമിച്ചാൽ മതിയെന്ന് 2023-ലെ മറ്റൊരു ഉത്തരവിൽ സർക്കാർ വ്യക്തമാക്കി.
എങ്കിലും, 2023 ഫെബ്രുവരി 24-ന് മുമ്പ് പഴയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടിയവർക്കും കോഴ്സുകൾക്ക് പ്രവേശനം നേടിയവർക്കും പുതിയ ഉത്തരവിലെ വ്യവസ്ഥകളിൽ ഇളവ് നൽകി. ഇവർക്ക് മലയാള ഭാഷാപ്രാവീണ്യം ഉറപ്പാക്കുന്നതിനുള്ള പരീക്ഷ എഴുതാൻ അനുമതി നൽകുകയും ചെയ്തു. ഈ പുതിയ വ്യവസ്ഥകൾ സംബന്ധിച്ച വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മിഷൻ പുറപ്പെടുവിക്കുമെന്ന് ഉത്തരവിൽ പറയുന്നു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ (K.E.R.) ബന്ധപ്പെട്ട ഭേദഗതികൾ പിന്നീട് വരുത്തുമെന്നും അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിലെ സെക്രട്ടറി കെ. വാസുകി ഐ.എ.എസ് ആണ് ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്
ഉത്തരവ് കാണാൻ താഴെയുള്ള ബട്ടണിൽ ക്ലിക് ചെയ്യുക