SCROLL DOWN TO SEE MORE


Monday, August 11, 2025

എല്ലാ സ്കൂളുകളിലും ഇനി ഹെൽപ്പ് ബോക്സുകൾ, ആഴ്ചയിലൊരിക്കൽ തുറന്ന് റിപ്പോർട്ട് നൽകണം


*തിരുവനന്തപുരം:* വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമപദ്ധതിക്ക് രൂപം നൽകുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി.


കുട്ടികൾക്ക് സുരക്ഷിതമായി പരാതികൾ അറിയിക്കാൻ എല്ലാ സ്കൂളുകളിലും ഹെൽപ്പ് ബോക്സുകൾ സ്ഥാപിക്കുമെന്നും ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് റിപ്പോർട്ടുകൾ വിലയിരുത്തി വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണമെന്നും മന്ത്രി നിർദേശിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


*ഫെയ്സ് ബുക്ക്* 



വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുന്നു. ഇതിന്റെ ഭാഗമായി, സ്കൂളുകളുടെയും വിദ്യാർത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഒരു കണക്കെടുപ്പ് നടത്തും.


കുട്ടികൾക്ക് സുരക്ഷിതമായി പരാതികൾ അറിയിക്കാൻ എല്ലാ സ്കൂളുകളിലും 'ഹെൽപ് ബോക്സ്' സ്ഥാപിക്കും. ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്‍റെ ചുമതല വഹിക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് റിപ്പോർട്ടുകൾ വിലയിരുത്തി വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണം.


ഈ പദ്ധതിയുടെ വിശദാംശങ്ങൾ ഉടൻതന്നെ പുറത്തിറക്കും. കഴിഞ്ഞ ദിവസം പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസ്സുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി നേരിൽക്കണ്ട് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.