Jul 8, 2020

പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് മുതൽ

2019-20 അദ്ധ്യയനവര്‍ഷം സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉള്‍പ്പെട്ടിരുന്ന കുട്ടികള്‍ക്കുളള പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ഭക്ഷ്യ കിറ്റ് വിതരണം ജൂലൈ 9 മുതൽ ആരംഭിക്കുന്നതാണ്. നാളെ (09.07.2020) രാവിലെ 10.30 ന് ടെലി കോൺഫറൻസിലൂടെ 14 ജില്ലകളിലേയും ഭക്ഷ്യക്കിറ്റ് വിതരണത്തിന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ തുടക്കം കുറിക്കും. ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി.രവീന്ദ്രനാഥ് തൃശ്ശൂർ ജില്ലയിലെ കോടാലി ഗവൺമെൻറ് എൽ.പി സ്കൂളിൽ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് നേരിട്ട് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുതാണ്. ഈ സംരഭത്തില്‍ ബഹു.ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി ശ്രീ.പി.തിലോത്തമന്‍ ചേർത്തലയിൽ പങ്കാളിയാകുന്നതാണ്.

   പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഭക്ഷ്യകിറ്റുകൾ സ്കൂളുകളിൽ എത്തിക്കുന്നത് സപ്ലൈകോ ആണ്. ആദ്യഘട്ടത്തിൽ പ്രീ-പ്രൈമറി കുട്ടികള്‍ക്കാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നത്. തുടർന്ന് പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ക്കുളള കിറ്റ് വിതരണം നടത്തുന്നതാണ്. 2019-20 വര്‍ഷം കുട്ടികൾ പഠിച്ചിരുന്ന സ്‌കൂളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ ഭക്ഷ്യക്കിറ്റുകൾ കൈപ്പറ്റേണ്ടതാണ്. 
   സര്‍ക്കാർ നിഷ്‌കര്‍ഷിച്ചിട്ടുളള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായ സാമൂഹിക അകലവും പാലിച്ചുകൊണ്ടുവേണം കിറ്റുകൾ വിതരണം നടത്തേണ്ടത്.