SCROLL DOWN TO SEE MORE


Wednesday, January 2, 2019

അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം




സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പിന് പട്ടികവർഗ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് 2018-19 അധ്യയനവർഷം നാലാം ക്ലാസിൽ പഠനം നടത്തുന്ന സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർത്ഥികൾക്കുമാത്രമായി ഫെബ്രുവരി 23ന് ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ വിവിധ ജില്ലകളിൽ മത്സരപരീക്ഷ നടത്തും.  കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽ മാത്രം ഉൾപ്പെടുന്നവരും വാർഷിക കുടുംബവരുമാനം 50,000 രൂപയിൽ കവിയാത്തവരുമായ വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷയിൽ പങ്കെടുക്കാം.  പ്രത്യേക ദുർബല ഗോത്രവർഗത്തിൽപ്പെടുന്നവർക്ക് വരുമാനപരിധി ബാധകമല്ല.
     പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, സമുദായം, കുടുംബ വാർഷികവരുമാനം, വയസ്, ആൺകുട്ടിയോ പെൺകുട്ടിയോ, പഠിക്കുന്ന ക്ലാസും സ്‌കൂളിന്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങളടങ്ങിയ അപേക്ഷ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം അവർ പഠിക്കുന്ന ജില്ലയിൽ പ്രവർത്തിക്കുന്ന ബന്ധപ്പെട്ട സംയോജിത പട്ടികവർഗ വികസന പ്രോജക്ട് ഓഫീസ്/ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ഫെബ്രുവരി നാലിനോ അതിന് മുമ്പോ ലഭ്യമാക്കണം.  നിശ്ചിത തിയതി കഴിഞ്ഞു ലഭിക്കുന്നതോ പൂർണവിവരങ്ങൾ രേഖപ്പെടുത്താത്തതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.  അപേക്ഷയോടൊപ്പം ജാതി/ വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല.