SCROLL DOWN TO SEE MORE


Saturday, November 24, 2018

നവംബര്‍ 26 മുതൽ ജനുവരി 26 വരെ 'നവോത്ഥാന സ്കൂള്‍ കാമ്പയിന്‍'



ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ വാര്‍ഷിക ദിനമായ 2018 നവംബര്‍ 26 മുതല്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26 വരെ ഭരണഘടനയുടെ സന്ദേശവും ഐക്യ കേരളപ്പിറവിയിലേയ്ക്ക് നയിച്ച കേരളത്തിന്റെ നവോത്ഥാന ചരിത്രവും വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിന് 'തമസോ മാ ജ്യോതിര്‍ഗമയ' എന്ന പേരില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നതിന് താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി .

മേല്പറഞ്ഞ കാലയളവില്‍ ഭരണഘടനയുടെ അന്തസ്സത്തയും പ്രാധാന്യവും ഭരണഘടനാ മൂല്യങ്ങളുള്‍ക്കൊള്ളുന്ന ആധുനിക കേരളം രൂപപ്പെട്ട കേരളത്തിന്റെ ചരിത്രവും വിദ്യാര്‍ത്ഥികള്‍ക്കു മനസ്സിലാക്കാന്‍ കഴിയും വിധം വൈവിധ്യമാര്‍ന്ന പരിപാടികള്‍ പഠന പ്രവര്‍ത്തനങ്ങളായി സ്കൂളുകളില്‍ സംഘടിപ്പിക്കേണ്ടതാണ്.

ഹൈസ്ക്കൂള്‍- ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ഭരണഘടനാ ദിനമായ നവംബര്‍ 26മുതല്‍ മനുഷ്യാവകാശദിനമായ ഡിസംബര്‍ 10 വരെ ക്സാസ് തലത്തില്‍ പ്രസന്റേഷനും ക്വിസ്സും സംഘടിപ്പിക്കേണ്ടതാണ്. ഇതിന് ആവശ്യമായ പ്രസന്റേഷന്‍ ഇന്‍ഫര്‍മേഷന്‍&പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ എസ്.സി.ഇ.ആര്‍.ടി, കൈറ്റ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി വികസിപ്പിക്കുന്നതാണ്. പ്രസന്റേഷനും ക്വിസ്സും നടത്തുന്നതിനുള്ള മാര്‍ഗരേഖയും സ്കൂളുകളില്‍ എത്തിക്കാനുള്ള ചുമതല സമഗ്ര ശിക്ഷാ അഭിയാന്‍ നിര്‍വഹിക്കേണ്ടതാണ്.

വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ച് ഡിസംബര്‍ 10നും ജനുവരി 26നും ഇടയില്‍ സ്കൂളുകളില്‍ നവോത്ഥാന കാമ്പയിന്‍ പ്രദര്‍ശന എക്സിബിഷന്‍ വാഹനങ്ങള്‍ എത്തി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കേണ്ടതാണ്. പോസ്റ്റര്‍ പ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം, മെഗാക്വിസ്സ് തുടങ്ങിയവ വാഹനത്തില്‍ ക്രമീകരിക്കേണ്ടതാണ്. അറിയിപ്പ് ലഭിക്കുന്ന ദിവസം ഇതിലേയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ സ്കൂളുകളില്‍ ഒരുക്കേണ്ടതാണ്. ഇതിലേയ്ക്കു വേണ്ട വാഹനങ്ങളും പ്രദര്‍ശന വസ്തുക്കളും ഐ&പി.ആര്‍.ഡിയും ഉള്ളടക്കം എസ്.സി.ഇ.ആര്‍.ടിയും പി.ആര്‍.ഡിയും ചേര്‍ന്ന് 
തയ്യാറാക്കേണ്ടതാണ്. വാഹനത്തില്‍ മൂന്നോ നാലോ റിസോഴ്സ് പേഴ്സണ്‍മാര്‍ ഉണ്ടായിരിക്കും. ഇവരെ തിരഞ്ഞെടുക്കാനുള്ള ചുമതലയും സമഗ്ര ശിക്ഷാ അഭിയാനും പരിശീലനം നല്‍കുന്നതിനുള്ള ചുമതല എസ്.സി.ഇ.ആര്‍.ടിക്കും ആയിരിക്കും. ബി.ആര്‍.സിട്രയിനര്‍മാര്‍, ഡയറ്റ് ഫാക്കല്‍റ്റിമാര്‍, സ്കൂള്‍ കോളേജ് അധ്യാപകര്‍ (വിരമിച്ചവര്‍ ഉള്‍പ്പെടെ) വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം അതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.

ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ഇന്ത്യന്‍ ഭരണഘടന, കേരള ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ആവിഷ്ക്കരിക്കേണ്ടതാണ്. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കേണ്ടതാണ്. ഇതിലെ മികവിന്റെ അടിസ്ഥാനത്തില്‍ തെരെഞ്ഞടുക്കപ്പെടുന്ന സ്കൂളുകളെ ഉള്‍പ്പടുത്തി വിക്ടേഴ്സ് ചാനലിന്റെ നേതൃത്വത്തില്‍ റിയാലിറ്റി ഷോയുടെ മാതൃകയില്‍ സംസ്ഥാനതലം വരെ ക്വിസ് മത്സരം സംഘടിപ്പിക്കുന്നതാണ്. ആയതിലേയ്ക്ക് വേണ്ട ക്രമീകരണം എസ്.സി.ഇ.ആര്‍.ടിയുമായി സഹകരിച്ച് വിക്ടേഴ്സ് ചാനല്‍ ഏര്‍പ്പെടുത്തേണ്ടതുമാണ്.

2018 നവംബര്‍ 26ന് രാവിലെ 9 മണിക്ക് സ്കൂള്‍ തലത്തിലുള്ള നവോത്ഥാന കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ബഹു: കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. ഉദ്ഘാടന പരിപാടിയുടെ ലൈവ് ടെലികാസ്റ്റ് വിക്ടേഴ്സ് ചാനല്‍ നിര്‍വ്വഹിക്കുന്നതും വിദ്യാലയങ്ങളിലെ പ്രഥാമാധ്യാപകര്‍ പ്രസ്തുത ലൈവ് ടെലികാസ്റ്റ് കുട്ടികള്‍ കാണുന്നതിനു സംവിധാനം ഏര്‍പ്പെടുത്തേണ്ടതുമാണ്.

ചുമതലപ്പെട്ട പരിപാടികള്‍ നടപ്പിലാക്കുന്നതിനായി അതത് ഏജന്‍സികള്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള ഫണ്ടില്‍ സമാന സ്വഭാവമുള്ള ശീര്‍ഷകത്തില്‍ നിന്നും തുക കണ്ടെത്തേണ്ടതാണ്.