SCROLL DOWN TO SEE MORE


Friday, July 13, 2018

സർക്കാർ ജീവനക്കാരുടെ ഭവനവായ്പ ഇനി ബാങ്കുകളിൽനിന്ന് മാത്രം


   Order
 ജീവനക്കാർക്ക് സർക്കാർ നൽകിവന്ന ഭവനവായ്പ ഇനി ബാങ്കുകളിൽനിന്ന് നേരിട്ടെടുക്കണം. ബാങ്കിന് നൽകേണ്ടിവരുന്ന അധികപലിശയിൽ ഒരുവിഹിതം ജീവനക്കാർക്ക് സർക്കാർ നൽകും. വായ്പാഗഡു ജീവനക്കാരുടെ മാസശമ്പളത്തിൽനിന്ന് സർക്കാർ ഈടാക്കി ബാങ്കിന് നൽകും.

  സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം കാരണമാണ് ഭവനവായ്പ ബാങ്കുകളിലേക്ക്‌ മാറ്റിയത്. ബാങ്കുകളുമായി ചർച്ച നടത്തിയാണ് ധനവകുപ്പ് പുതിയ പദ്ധതി തയ്യാറാക്കിയത്.

  നിലവിലുള്ള ഭവനവായ്പാപദ്ധതിയിൽ ലഭിക്കുന്ന അത്രയും തുക സർക്കാർ ഈടാക്കിയിരുന്ന അതേ പലിശനിരക്കിൽ ബാങ്കിൽനിന്ന് ഇനി നേരിട്ടുലഭിക്കും. ഇതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി ധനവകുപ്പ് ഉത്തരവായി.

 ഭവനവായ്പ വേണ്ട സർക്കാർജീവനക്കാർക്ക് ഇനി കേരളത്തിലെ ഏത് ബാങ്കിനെയും സമീപിക്കാം. അവർക്ക് സർക്കാരിന്റെ മാനദണ്ഡപ്രകാരം അർഹമായ തുകയോ അതിൽ കൂടുതലോ കുറവോ വായ്പയായി എടുക്കാം. ഇത് അവരും ബാങ്കും സർക്കാരിനെ അറിയിക്കണം. കാലാവധിയും നിലവിലുള്ള പദ്ധതി അനുസരിച്ചുതന്നെ. കൂടുതൽ കാലാവധിയിലേക്ക് കൂടുതൽ പണം എടുത്താൽ അധികച്ചെലവ് ജീവനക്കാർ സ്വയം വഹിക്കണം.

അധികപലിശ തിരിച്ചുനൽകും

ഇപ്പോൾ ഭവനവായ്പയ്ക്ക് സർക്കാരിന് നൽകേണ്ടിവരുന്നത് അഞ്ച് ശതമാനം പലിശയാണ്. ബാങ്ക് വായ്പയ്ക്ക് ശരാശരി നിരക്കായി കണക്കാക്കിയിരിക്കുന്നത് എട്ടരശതമാനവും. ഇതിന്റെ വിത്യാസമായ മൂന്നരശതമാനം ജീവനക്കാർക്ക് സർക്കാർ തിരിച്ചുനൽകും. വായ്പയുമായി ബന്ധപ്പെട്ട പ്രോസസിങ് ചാർജ് പോലുള്ള മറ്റ് ചെലവുകൾ ജീവനക്കാർതന്നെ വഹിക്കണം.

ഇനി അപേക്ഷ സ്വീകരിക്കില്ല

ഈവർഷം ഇതിനകം അപേക്ഷിച്ചവർക്ക് സർക്കാർതന്നെ വായ്പ നൽകും. ഇവർക്ക് വേണമെങ്കിൽ ബാങ്കുകളെയും സമീപിക്കാം. ഇനിമുതൽ സർക്കാർ അപേക്ഷ സ്വീകരിക്കില്ല