പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂളുകളില്‍ രൂപീകൃതമാകുന്ന 'ലിറ്റില്‍ കൈറ്റ്സ്'ഐടി ക്ലബ്ബുകള്‍ രൂപീകരിക്കാന്‍ താല്പര്യമുള്ള ഹൈസ്കൂളുകള്‍ ഫെബ്രുവരി 24 നകം അപേക്ഷിക്കണം. ഒരു ലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്) നടപ്പാക്കിയ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതിയെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് മാതൃകയില്‍ ഘടനാപരമായി പരിഷ്കരിച്ചുകൊണ്ടാണ് 'ലിറ്റില്‍ കൈറ്റ്സ്' ഐടി ക്ലബ്ബുകള്‍ രൂപീകൃതമാവുന്നത്. അപേക്ഷിക്കുന്ന സ്കൂളുകളില്‍ നിന്നും തിരഞ്ഞെടുത്താണ് ക്ലബ്ബുകള്‍ക്ക് അംഗീകാരം നല്‍കുന്നത്
നേരത്തെ ഉള്‍പ്പെടുത്തിയിരുന്ന ഹാര്‍ഡ്‌വെയര്‍,അനിമേഷന്‍,ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ്, സൈബര്‍ സുരക്ഷ മേഖലകള്‍ക്കു പുറമെ മൊബൈല്‍ ആപ് നിര്‍മ്മാണം പ്രോഗ്രാമിംഗ്,റോബോട്ടിക്സ്, ഇ-കോമേഴ്സ്, ഇ-ഗവേര്‍ണന്‍സ്, വീഡിയോ ഡോക്യുമെന്റേഷന്‍, വെബ് ടി.വി തുടങ്ങിയ നിരവധി മേഖലകള്‍ അടങ്ങുന്നതാണ് 'ലിറ്റില്‍ കൈറ്റ്സ്'ക്ലബ്ബുകളുടെ പ്രവര്‍ത്തനം. ജനുവരി22-ന് മുഖ്യമന്ത്രി പിണറായി വിജയന്‍'ലിറ്റില്‍ കൈറ്റ്സ്' ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സ്കൂള്‍തല ഐ.സി.ടി പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താല്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകര്‍ യൂണിറ്റിന്റെ ചുമതലക്കാരാവും. ഈ അധ്യാപകര്‍ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കണം എന്ന് സര്‍ക്കാര്‍ ഉത്തരവ് നിഷ്കര്‍ഷിക്കുന്നുണ്ട്. നിലവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന (അടുത്ത വര്‍ഷം 9-ാം ക്ലാസില്‍) 20 മുതല്‍ 40വരെ കുട്ടികള്‍ക്കാണ് ക്ലബ്ബില്‍ അംഗത്വം. *ക്ലബ്ബംഗങ്ങളെ മാര്‍ച്ച് ആദ്യവാരത്തില്‍ പ്രത്യേകം അഭിരുചി പരീക്ഷ നടത്തി കണ്ടെത്തും.ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും* സ്കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങള്‍ പ്രയോജനപ്പെടുത്തിയും ചുരുങ്ങിയത് മാസത്തില്‍ 4മണിക്കൂര്‍ പരിശീലനം 'ലിറ്റില്‍ കൈറ്റ്സ്' ക്ലബ്ബംഗങ്ങള്‍ക്ക് ഉറപ്പാക്കും. പ്രവര്‍ത്തനം വിലയിരുത്തി കുട്ടികള്‍ക്ക് വര്‍ഷാവസാനം എ, ബി, സി ഗ്രേഡുകളിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സ്കൂളുകള്‍ക്ക് ക്ലബ്ബ് പ്രവര്‍ത്തനത്തിനാവശ്യമായ ധനസഹായം കൈറ്റ് നല്‍കും.സംസ്ഥാനതലത്തില്‍ മികച്ച ക്ലബ്ബുകള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കും. ക്ലബ്ബുകളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കണ്ടാല്‍ ആ ഘട്ടത്തില്‍ പ്രസ്തുത സ്കൂളിലെ'ലിറ്റില്‍ കൈറ്റ്സ്' യൂണിറ്റിന്റെ അംഗീകാരം റദ്ദാക്കും. മറ്റു ക്ലബ്ബുകളില്‍ സജീവമല്ലാത്തതും,ഐടിയില്‍ അഭിരുചിയുള്ളതുമായ കുട്ടികള്‍ക്കാണ് 'ലിറ്റില്‍ കൈറ്റ്സ്'ക്ലബ്ബില്‍ അംഗത്വം ലഭിക്കുക.
സ്കൂളുകളിലെ ഹാര്‍ഡ്‌വെയര്‍ പരിപാലനം,രക്ഷകര്‍ത്താക്കള്‍ക്കുള്ള കമ്പ്യൂട്ടര്‍ സാക്ഷരത, ഏകജാലകം ഹെല്‍പ് ഡെസ്ക്, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ഐടി പരിശീലനം,പൊതുജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കല്‍, ഡിജിറ്റല്‍ മാപ്പിംഗ്,സൈബര്‍ സുരക്ഷാ പരിശോധനയും ബോധവല്‍ക്കരണവും, സ്കൂള്‍ വിക്കിയിലെ വിവരങ്ങള്‍ പുതുക്കല്‍,ഐടി മേളകളുടേയും ക്യാമ്പുകളുടേയും സംഘാടനം,വിക്ടേഴ്സിലേക്ക് ആവശ്യമായ വാര്‍ത്തകളുടേയും ഡോക്യുമെന്ററികളുടേയും നിര്‍മ്മാണം, സ്കൂള്‍തല വെബ് ടി.വികള്‍, മൊബൈല്‍ ആപ്പുകളുടെ നിര്‍മ്മാണം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍'ലിറ്റില്‍ കൈറ്റ്സ്' ക്ലബ്ബുകള്‍ സംഘടിപ്പിക്കും. പരിശീലനങ്ങള്‍ക്ക് പുറമെ മറ്റു വിദഗ്ധരുടെ ക്ലാസുകള്‍,ക്യാമ്പുകള്‍ ഇന്‍ഡസ്ട്രി വിസിറ്റുകള്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും. വിവിധ മേഖലകളിലെ വിദഗ്ധരെയും സാങ്കേതിക പ്രവര്‍ത്തകരേയും 'ലിറ്റില്‍ കൈറ്റ്സ് മായി ബന്ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.കമ്പനികളുടെ സാമൂഹ്യ പ്രതിബദ്ധതാ (സി.എസ്.ആര്‍)ഫണ്ടുകള്‍ ഇതിലേക്കായി ലഭ്യമാക്കാന്‍ ശ്രമിക്കും.