SCROLL DOWN TO SEE MORE


Wednesday, January 10, 2018

സ്‌കൂളുകളിലും ഓഫീസുകളിലും ഐടി ഉപകരണങ്ങള്‍ വിന്യസിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളായി


സംസ്ഥാനത്തെ സര്‍ക്കാര്‍, എം.പി-എം.എല്‍.എ, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഐടി ഉപകരണങ്ങള്‍ക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്‌പെസിഫിക്കേഷന്‍, വില്പനാനന്തര സേവനവ്യവസ്ഥകള്‍ എന്നിവ നിഷ്‌കര്‍ഷിക്കുന്നതാണ് ഉത്തരവ്. ലാപ്ടോപ്പ്, പ്രൊജക്ടര്‍, സ്‌ക്രീന്‍, 3കെ.വി.എ യു.പി.എസ്, വൈറ്റ്‌ബോര്‍ഡ്, യു.എസ്.ബി സ്പീക്കര്‍, പ്രൊജക്ടര്‍ മൗണ്ടിംഗ് കിറ്റ് എന്നീ ഇനങ്ങള്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പോര്‍ട്ടബിലിറ്റി, പവര്‍ബാക്ക്അപ്, വൈദ്യുതി ഉപയോഗം എന്നിവ പരിഗണിച്ച് ഇനി ലാപ്ടോപ്പുകളാണ് സ്‌കൂളുകളില്‍ വിന്യസിക്കേണ്ടത്. എല്ലാ ഉപകരണങ്ങള്‍ക്കും അഞ്ചു വര്‍ഷ വാറണ്ടി ഉറപ്പാക്കണം. വിതരണക്കാര്‍ പ്രഥമാധ്യാപകനും ഐടി കോര്‍ഡിനേറ്റര്‍ക്കും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു കാണിക്കേണ്ടതാണ്. വിതരണം ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും ഇന്‍സ്റ്റലേഷന്‍ തീയതി, വാറണ്ടി പീരിയഡ്, സര്‍വ്വീസ് നടത്തേണ്ട സ്ഥാപനം/വ്യക്തിയുടെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തണം. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നവര്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാള്‍ സെന്റര്‍ നമ്പര്‍, വെബ് പോര്‍ട്ടല്‍ അഡ്രസ് എന്നിവ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കണം. പരാതികള്‍ വിതരണക്കാര്‍ രണ്ടു ദിവസത്തിനകം അറ്റന്‍ഡു ചെയ്യേണ്ടതും, പരമാവധി അഞ്ചു പ്രവൃത്തി ദിവസങ്ങള്‍ക്കകം പരിഹരിക്കേണ്ടതുമാണ്. അല്ലെങ്കില്‍ പ്രതിദിനം 100/ രൂപ നിരക്കില്‍ പിഴ ഈടാക്കും.

ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി കൈറ്റ് ദേശീയ ടെണ്ടര്‍വഴി നടത്തിയ ബള്‍ക് പര്‍ച്ചേസിലെ വില വിവരങ്ങള്‍കൂടി പരിഗണിച്ച് പ്രൊഫ.ജി. ജയശങ്കര്‍ ചെയര്‍മാനും കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് കണ്‍വീനറുമായ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതുക്കിയ ഉത്തരവിറക്കിയത്. ഡിജിറ്റല്‍ ഉള്ളടക്കം/ഡിജിറ്റല്‍ ലൈബ്രറി എന്നിവ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പ് എസ്.സി.ഇ.ആര്‍.ടിയുടെ അംഗീകാരം ലഭിക്കണം. പ്രൊപ്രൈറ്ററി ആയതും ലൈസന്‍സ് നിബന്ധനകള്‍ ഉള്ളതുമായ സോഫ്റ്റ്വെയറുകള്‍ യാതൊരു കാരണവശാലും സ്‌കൂളുകളില്‍ വിന്യസിക്കാന്‍ പാടില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉപകരണങ്ങള്‍ സര്‍ക്കാര്‍ റേറ്റ് കോണ്‍ട്രാക്ട് ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ള കെല്‍ട്രോണ്‍വഴി നേരിട്ട് വാങ്ങാം.

മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിക്കാത്ത ഉപകരണങ്ങള്‍ അത്യാവശ്യമെന്നു തോന്നുന്നപക്ഷം ഉപകരണമൊന്നിന് 15,000/ രൂപയില്‍ കവിയാതെയും മൊത്തം പ്രോജക്ട് തുക 50,000/ത്തില്‍ കവിയാതെയും വാങ്ങാം. ഹൈടെക്/സ്മാര്‍ട്ട് ക്ലാസ്‌റൂമിന് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റും ഉത്തരവില്‍ ഉണ്ട്. ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍ , ഇന്ററാക്ടിവ് വൈറ്റ് ബോര്‍ഡ് , സ്മാര്‍ട്ട് ടെലിവിഷന്‍ പോലുള്ളവ സ്‌കൂളുകളിലേക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങാന്‍ കഴിയില്ല. സ്‌കൂളുകളിലും ഓഫീസുകളിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ നിര്‍ബന്ധമാക്കുകയും ഡിജിറ്റല്‍ ഉള്ളടക്കത്തിന് അക്കാദമിക് പരിശോധന നിര്‍ബന്ധമാക്കുകയും ചെയ്തു.

ഈ ഉത്തരവനുസരിച്ചല്ലാത്ത പ്രൊപ്പോസലുകള്‍ ടി.എസ്.പി.കള്‍ ആയിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളോ, വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളോ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ക്കായി പരിഗണിക്കാന്‍ പാടില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ പ്രൊപ്പോസലുകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക സാങ്കേതിക അനുമതി ആവശ്യമില്ല.