May 13, 2017

ഹയര്‍സെക്കൻഡറി തലത്തിലും ഇനി പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍

 പ്രൈമറി - ഹൈസ്കൂള്‍ തലങ്ങള്‍ക്കു പുറമെ ഹയര്‍ സെക്കൻഡറി തലത്തില്‍നിന്നും ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകള്‍ പൂര്‍ണമായും പടിയിറങ്ങുന്നു. ഹയര്‍സെക്കൻഡറി തലത്തിലും പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി സി. രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ നടന്ന 48ാമത് കരിക്കുലം കമ്മിറ്റിയില്‍ തീരുമാനമായി.

ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ നടന്നുവരുന്ന ഐസിടി പഠനത്തിന്റെ ഭാഗമായി ലോകത്തു തന്നെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും ബൃഹത്തായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിന്യാസ സംസ്ഥാനമായി കേരളം മാറിയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഭാവിയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ തന്നെ പഠനവും പരിശീലനവും നിര്‍ബന്ധമാക്കി നടത്തണമെന്നു നിഷ്കര്‍ഷിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് 2008 ഓഗസ്റ്റില്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കൻഡറി തലത്തില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്കു മാറിയിരുന്നു. 

2016 ജൂലൈയില്‍ പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്നും ഐടി വകുപ്പു സര്‍ക്കുലര്‍ ഇറക്കി. ഇതനുസരിച്ച് ഇവ ഉപയോഗിക്കുന്നതു നിയമവിരുദ്ധവുമാണ്. എന്നാല്‍ കൊമേഴ്സ് വിഭാഗത്തില്‍ (കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് സിസ്റ്റം) മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ടാലി പോലുള്ള പാക്കേജുകള്‍ ഉള്‍പ്പെട്ടിരുന്നു എന്ന കാരണത്താല്‍ പലപ്പോഴും ലൈസന്‍സില്ലാത്ത സോഫ്റ്റ്‌വെയറുകള്‍ സ്കൂളുകളില്‍ വിന്യസിക്കുന്നതിനും അതുവഴി നിയമ ലംഘനത്തിനും സൈബര്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതിനും ഇടയാക്കുന്നുവെന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു. 

എന്‍സിഇആര്‍ടി സിലബസ്സിലെ പ്രധാന ഘടനയും ആശയവും ഒട്ടും മാറ്റാതെ തന്നെ സോഫ്റ്റ്‌വെയറില്‍ മാത്രം മാറ്റം വരുത്തിയാണ് ഇതു നടപ്പാക്കാനുദ്ദേശിക്കുന്നത്. ഇതനുസരിച്ച് ഉടമസ്ഥാവകാശമുള്ള 'ടാലി' സോഫ്റ്റ്‌വെയറിനു പകരം 'ഗ്നൂ ഖാത്ത', മൈക്രോസോഫ്റ്റ് എക്സല്‍, അക്സസ് എന്നിവയ്ക്കു പകരം ലിബര്‍ ഓഫിസ് കാല്‍ക്, ബേസ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തിയാവും പാഠപുസ്തകം തയാറാക്കുക. 

ഉബുണ്ടുവിനെ കസ്റ്റമൈസ് ചെയ്ത് തയ്യാറാക്കിയ ഐടി@സ്കൂള്‍ ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സാധാരണ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, ഓഫിസ് പാക്കേജുകള്‍, ഡാറ്റാബേസ് അപ്ലിക്കേഷനുകള്‍, ഡിടിപി - ഗ്രാഫിക്സ് - ഇമേജ് എഡിറ്റിങ് സോഫ്റ്റ്‍വെയറുകള്‍, സൗണ്ട് റെക്കോര്‍ഡിങ് – വിഡിയോ എഡിറ്റിങ് - അനിമേഷന്‍ പാക്കേജുകള്‍, പ്രോഗ്രാമിങ്ങിനുള്ള ഐഡിഇകള്‍, ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വെബ് - ഡാറ്റാബേസ് സര്‍വറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങള്‍ ഐടി ഉപയോഗിച്ചു പഠിക്കാനായി രാജ്യാന്തര പ്രസിദ്ധമായ സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ കസ്റ്റമൈസ് ചെയ്തു (ജിയോജിബ്ര, ഫെറ്റ്, സ്റ്റെല്ലേറിയം, കാല്‍സ്യം, മാര്‍ബിള്‍, രാസ്‍മോള്‍, ജീപ്ലെയ്റ്റ്സ്, ജികോമ്പ്രിസ്, പൈസിയോ ഗെയിം, ജെ-ഫ്രാക്ഷന്‍ലാബ്, ഡോ.ജിയോ.....) ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പ്രൊപറൈറ്ററി ആപ്ലിക്കേഷനുകളാണെങ്കില്‍ മെഷീന്‍ ഒന്നിനു ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ ലൈസന്‍സ് ഇനത്തില്‍ നല്‍കേണ്ടി വരുമായിരുന്നു. ഇവ പ്രീ-ലോഡ് ചെയ്തു നല്‍കുന്നതിനാല്‍ 20,000 ഓളം ലാപ്‍ടോപുകള്‍ക്കും ഡെസ്ക്‍ടോപുകള്‍ക്കുമായി ഏകദേശം 300 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു ലാഭിക്കാനാവും. കാലാകാലങ്ങളായുള്ള അപ്ഡേഷ‍നുകള്‍ വേണ്ടി വരുന്ന അധിക ചെലവുകള്‍ ഇവിടെ പരിഗണിച്ചിട്ടില്ല. 

സാമ്പത്തിക ലാഭത്തിനുപരി ആവശ്യാനുസരണം പങ്കുവയ്ക്കാനും മാറ്റം വരുത്താനും മാറ്റം വരുത്തി പ്രസിദ്ധീകരിക്കാനും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കൊണ്ടു സാധിക്കും. ആപ്ലിക്കേഷനുകളുടെ കസ്റ്റമൈസേഷന്‍, അധ്യാപക പരിശീലനം വിഡിയോ ട്യൂട്ടോറിയല്‍ എന്നിങ്ങനെ ഇത്തരം പാഠഭാഗങ്ങളുടെ വിനിമയം വളരെ ലളിതമാക്കാനുള്ള എല്ലാ സംവിധാനങ്ങളും എത്രയും പെട്ടെന്നു തന്നെ ഐടി@സ്കൂള്‍ ഏര്‍പ്പെടുത്തുമെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഇതനുസരിച്ചു മാറ്റം വരുത്തിയുള്ള പാഠപുസ്തകം തയാറാക്കുന്നതിന്റെ പ്രവര്‍ത്തനം തുടങ്ങിയെന്ന് എസ്‌സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് അറിയിച്ചു.